| Sunday, 7th March 2021, 3:59 pm

തമ്പ്രാന്റെ മകനല്ല, ചെത്തുകാരന്റെ മകന്‍ ഇനിയും നാട് ഭരിക്കണം: ശ്രദ്ധേയമായി തൃശൂരിലെ പ്രചാരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. വോട്ടെടുപ്പിന്റെ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികള്‍ പ്രചാരണ പരിപാടികള്‍ ശക്തമാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും രംഗത്തുണ്ട്. ഇതിനിടയില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പ്രചാരണ പരിപാടികള്‍ ചര്‍ച്ചയാവുകയാണ്.

തൃശൂരിലെ എം.ജി റോഡിലെ ഒരു മതിലില്‍ പ്രചാരണത്തിന്റെ ഭാഗമായി എഴുതിയ വരികളാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്. ‘തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകന്‍ ഇനിയും നാട് ഭരിക്കണം’ എന്നാണ് ഈ വരികള്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഈ വാചകത്തോടൊപ്പം മതിലിലുണ്ട്. മതിലിന്റെ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്ന് വിളിച്ച് അധിക്ഷേപിച്ചത് അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

തലശ്ശേരിയിലെ യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

‘ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ…അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുധാകരന്റെ പ്രസ്താവനയെ തള്ളി ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

സുധാകരന്റെ പ്രസ്താവനക്ക് മറുപടിയുമായി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ മകനെന്നത് അപമാനമല്ലെന്നും അത് അഭിമാനമായിട്ടാണ് കാണുന്നതെന്നുമായിരുന്നു പിണറായിയുടെ മറുപടി.

ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന ആളാണ് താന്‍. എന്തെങ്കിലും ദുര്‍വൃത്തിയില്‍ ഏര്‍പ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാല്‍ ജാള്യത തോന്നാം. ഇതില്‍ അങ്ങനെ തോന്നേണ്ട കാര്യമില്ല. തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകന്‍ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവര്‍ക്ക് താന്‍ എന്തുജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമര്‍ശം. തന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സുധാകരന്റെ അധിക്ഷേപ പ്രസ്താവനയും അതിനോട് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തിയ പ്രതികരണവും കേരള രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന ജാതീയതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: LDF election campaign slogans and pictures from Thrissur goes viral

We use cookies to give you the best possible experience. Learn more