| Wednesday, 26th December 2018, 1:08 pm

ഐ.എന്‍.എല്ലിന്റെ 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 25 വര്‍ഷമായി കൂടെയുള്ള ഐ.എന്‍.എല്ലിനെയടക്കം നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് മുന്നണി വിപുലീകരണത്തിന് അനുമതി നല്‍കിയത്.

ഐ.എന്‍.എല്ലിനെക്കൂടാതെ കേരള കോണ്‍ഗ്രസ് (ബി), ലോക് താന്ത്രിക് ദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ഇനി എല്‍.ഡി.എഫിന്റെ ഭാഗമാകുക.

ഐ.എന്‍.എല്‍, ലോക് താന്ത്രിക് ദള്‍ എന്നിവരെ മുന്നണിയിലെടുക്കാന്‍ രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കിയിരുന്നു. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വിശദീകരിച്ചു.

ALSO READ: ചെഗുവേരയെ മനസില്‍വെച്ച് ക്ഷേത്രങ്ങളില്‍ പോകരുത്, അയ്യപ്പന്റടുത്ത് എത്തേണ്ടവരെ അയ്യപ്പന്‍ എത്തിച്ചിരിക്കുമെന്ന് സെന്‍കുമാര്‍

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍.ഡി.എഫ് വിട്ടത്. പിന്നീട് യു.ഡി.എഫുമായി സഹകരിച്ച ജെ.ഡി.യു പിന്നീട് യു.ഡി.എഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

ഐ.എന്‍.എലിനെ സംബന്ധിച്ച് 25 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമുണ്ടായിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐ.എന്‍.എല്‍. കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more