'നിലപാടിലുറച്ച് പിണറായി'; മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ സാധ്യത; വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും
Kerala
'നിലപാടിലുറച്ച് പിണറായി'; മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ സാധ്യത; വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st April 2017, 5:46 pm

 
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. മൂന്നാര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം ഒഴിപ്പിക്കലുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായാണ് സൂചന.


Also read മഹാഭാരതത്തെക്കുറിച്ച് വിവാദ പരാമര്‍ശം; കമല്‍ഹാസന് തിരുനെല്‍വേലി കോടതി സമന്‍സ് 


വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വ്വകക്ഷി യോഗം വിളിക്കാനും അതുവരെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാനുമാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. നിലപാടില്‍ മുഖ്യമന്ത്രി ഉറച്ച് നിന്നതോടെയാണ് വിഷയത്തില്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.

ഒഴിപ്പിക്കലിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ നിന്നുള്‍പ്പെടെ വലിയ എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. സര്‍ക്കാരിനെ അറിയിക്കാതെ കുരിശ് പൊളിച്ചത് ശരിയായില്ലെന്ന നിലപാട് യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

പാപ്പാത്തി ചോലയിലെ ഭൂമി കൈയ്യേറി സ്ഥാപിച്ചിരുന്ന കുരിശ് കഴിഞ്ഞ ദിവസം പൊളിച്ച സംഭവം വന്‍വിവാദമായ പശ്ചാത്തിലത്തിലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുക എന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേര്‍ന്നത്. കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ചിരുന്ന മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ക്രമവിരുദ്ധമായ നടപടികള്‍ ഒന്നുംകൈക്കൊണ്ടില്ലെന്ന് സി.പി.ഐ യോഗത്തില്‍ അറിയിക്കുകയും ചെയ്തു.

മൂന്നാര്‍ വിഷയത്തില്‍ ഇരു തട്ടിലുള്ള സി.പി.ഐ.എമ്മും സി.പി.ഐയും ഒരുമിച്ച് നീങ്ങാനും എല്‍.ഡി.എഫ് യോഗത്തില്‍ ധാരണയായി. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ വേണമെന്നായിരുന്നു റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ നിലപാട്. യോഗത്തില്‍ നിയമവിരുദ്ധമായ് മൂന്നാറില്‍ ഒരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്നും സി.പി.ഐ ആവര്‍ത്തിച്ചിരുന്നു.