| Wednesday, 11th September 2024, 6:22 pm

എ.ഡി.ജി.പി-ആര്‍.എസ്.എസ് ബന്ധത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും; പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കരുത്: ടി.പി. രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷ എം.എല്‍.എയായ പി.വി. അന്‍വര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് എല്‍.ഡി.എഫ് യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ടി.പി. രാമകൃഷ്ണന്‍, ആര്‍.എസ്.എസ് നേതാക്കളെ കാണുന്നത് തെറ്റല്ലെന്നും എന്തിനാണ് കണ്ടത് എന്നതാണ് പ്രശ്‌നമെന്നും പറഞ്ഞു.

അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും തെറ്റുകാരനാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികളും കോര്‍പറേറ്റുകളും ചേര്‍ന്ന് നടത്തുന്ന ഭരണത്തെ ശക്തമായി എതിര്‍ക്കുന്ന ഇന്ത്യയിലെ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലും സമാനമായതും ശക്തമായതുമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ സ്പീക്കര്‍ എ.എം. ഷംസീറിന്റെ ആര്‍.എസ്.എസ് പരാമര്‍ശത്തിലും ടി.പി. രാമകൃഷ്ണന്‍ പ്രതികരിക്കുകയുണ്ടായി. സ്പീക്കര്‍ എന്നത് സ്വതന്ത്ര ഒരു പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോണ്‍ ചോര്‍ത്താല്‍ ആര് ചെയ്താലും അത് തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പി.വി. അന്‍വര്‍ സി.പി.ഐ.എമ്മിന്റെ എം.എല്‍.എ അല്ലെന്നും ഇടതുപക്ഷത്തിന്റെ ഭാഗമാണെന്നും നിലമ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചതാണെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് ആര്‍.എസ്.എസ് നേതാവിനെ കണ്ടതുകൊണ്ടല്ലെന്നും അതൊരു സംഘടനാ നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിലാണ് നമ്മള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെ വഴി തിരിച്ചുവിടരുതെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ സത്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണം. അതിന് ഒരുപക്ഷെ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlight: LDF convener T.P.Ramakrishnan said that the government will investigate ADGP Ajit Kumar’s meeting with RSS leaders

We use cookies to give you the best possible experience. Learn more