അന്ന സെബാസ്റ്റ്യന്റെ മരണം; വേദനിപ്പിക്കുന്നത്, കേന്ദ്രമന്ത്രിയുടെ വിചിത്ര പരാമര്‍ശം തെറ്റ്: ടി.പി. രാമകൃഷ്ണന്‍
Kerala News
അന്ന സെബാസ്റ്റ്യന്റെ മരണം; വേദനിപ്പിക്കുന്നത്, കേന്ദ്രമന്ത്രിയുടെ വിചിത്ര പരാമര്‍ശം തെറ്റ്: ടി.പി. രാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 9:29 am

തിരുവനന്തപുരം: ജോലി സമ്മര്‍ദത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അന്ന സെബാസ്റ്റ്യന്റെ മരണം വേദനിപ്പിക്കുന്നതാണെന്ന് ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ ഇതോടുകൂടി അവസാനിപ്പിക്കേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വിചിത്ര പരാമര്‍ശത്തിലായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രതികരണം.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അന്ന 16 മുതല്‍ 20 മണിക്കൂര്‍ വരെയെല്ലാം ജോലിയെടുക്കേണ്ടി വന്നിട്ടുണ്ട്. രാജ്യത്തുടനീളമായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് കമ്പനികളില്‍ ഇത്തരത്തില്‍ സമയപരിധിയില്ലാതെ സുരക്ഷിത്വമില്ലാതെ നിരവധി യുവാക്കള്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. മറ്റു ജോലികള്‍ കിട്ടാതെ വരുമ്പോള്‍ കിട്ടുന്ന ജോലി ചെയ്യുക എന്ന കാഴ്ചപ്പാട് യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

അത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ പിന്തുണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അതിനായി നിയമത്തിന്റെ അപര്യാപ്തത ഉണ്ടെങ്കില്‍ പുതിയ നിയമങ്ങള്‍ രൂപീകരിച്ചുകൊണ്ട് കേന്ദ്രം പ്രതിസന്ധി പരിഹരിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ ഇത്തരം കാര്യങ്ങളില്‍ ആശ്രയിക്കുന്ന മുഴുവന്‍ ജനതയെയും വിഷമിപ്പിക്കുന്ന ഒന്നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ പുതിയ പഠനപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.

അത് അവര്‍ നടപ്പിലാക്കട്ടെ, എന്നാല്‍ യുവാക്കളിലെ ജോലി സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗം ധ്യാനവും വിശ്വാസവുമാണെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം കോര്‍പറേറ്റ് ചൂഷണത്തിന്റെ രക്തസാക്ഷിയായ അന്ന സെബാസ്റ്റ്യനെ അപമാനിക്കും വിധത്തിലുള്ളതാണെന്ന് രാജ്യസഭാ എം.പി വി. ശിവദാസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്നയുടെ മരണത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പൊള്ളത്തരമാണ് മന്ത്രിയുടെ പരാമര്‍ശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത പ്രസ്താവന പിന്‍വലിച്ച് മന്ത്രി അന്നയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും എം.പി പറഞ്ഞിരുന്നു.

വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

മരണത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി വിചിത്രമായ പരാമര്‍ശം നടത്തിയത്.

Content Highlight: LDF convener T.P.Ramakrishnan against Nirmala Sitharaman