കണ്ണൂര്‍: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് മാതൃകയാണ്. പ്രതിയെ പിടിക്കുന്നതിന് കൃത്യമായ സമയം എടുത്തുള്ള പൊലീസിന്റെ നീക്കം കുറ്റവാളികള്‍ക്കുള്ള താക്കീതാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ പ്രതിക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സുധാകരന് രാഷ്ട്രീയ പക്വതയില്ല. സുധാകരന്‍ ബോംബ് നിര്‍മാണം നടത്തിയിരുന്ന കണ്ണൂര്‍ കാലത്തില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പിടിയിലായത്. ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിതിന്‍ കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം അറിയിച്ചത്.
അതേസമയം, ജിതിന്റെ അറസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ. സുധാകരനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിയാക്കുന്ന സമീപനം നോക്കിയിരിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.
സി.പി.ഐ.എം തീ കൊണ്ട് തല ചൊറിയരുത്, ചെറിഞ്ഞാല്‍ തല പൊള്ളും. ജിതിന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യില്‍ എടുക്കേണ്ടി വന്നാല്‍ അത് ചെയ്യും. ജിതിനെ വിട്ട് അയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ അറസ്റ്റ് സി.പി.ഐ.എം തിരക്കഥയുടെ ഭാഗമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രതികരിച്ചത്. ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മാധ്യമങ്ങള്‍ പറഞ്ഞതല്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വിവരമില്ലെന്നും ഷാഫി പറഞ്ഞു.
ഇത് എ.കെ.ജി സെന്ററിന് നേരെവീണ പടക്കത്തിന്റെ പേരിലുള്ള നൊമ്പരമല്ല, ഇത് രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് കേരളം നല്‍കുന്ന സ്വീകരണത്തിലെ അസ്വസ്ഥതയാണ്,’ എന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
ജൂണ്‍ 30ന് അര്‍ധരാത്രിയായിരുന്നു എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
പരിശോധിച്ച സി.സി.ടി.വി ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Content Highlight: LDF Convener EP Jayarajan Praises Kerala Police Over Youth congress workers Arrest in AKG Center Attack case