കണ്ണൂര്‍: മെസിക്ക് പകരം ‘മേഴ്സി’ പ്രയോഗത്തില്‍ വിശദീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തന്റെ വാക്കുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ബ്ലാക് മെയില്‍ ലക്ഷ്യമാണന്ന് അദ്ദേഹം ആരോപിച്ചു. ഉച്ചാരണം പലവിധമുണ്ടാകാം. തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘യഥാര്‍ത്ഥത്തില്‍ മേഴ്സി എന്ന പേര് എന്നോട് പറയുന്നത് മീഡിയ വണ്‍ റിപ്പോര്‍ട്ടറാണ്. അപ്പോള്‍ എനിക്ക് സംശയമായി. മെസി തന്നെയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് ചോദ്യം ചോദിക്കുന്നത് പഠിച്ചതിന് ശേഷമായിരിക്കുമല്ലോ?
നിങ്ങള്‍ തന്നെ മേഴ്സി എന്ന് പറയുമ്പോള്‍ എനിക്ക് സംശയമായി, എന്റെ അടുക്കലാണ് തകരാര്‍ എന്ന്. അവര്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിച്ചു. അല്ലെങ്കില്‍ ഞാന്‍ മെസി എന്നേ പറയൂ. എന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ചട്ടം കെട്ടി വന്നതാണെന്ന് എനിക്ക് തോന്നി,’ ഇ.പി. ജയരാജന്‍ ആരോപിച്ചു.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ചട്ടം കെട്ടി വന്നതാണ് ആ മാധ്യമ പ്രവര്‍ത്തകന്‍. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. ചിലപ്പോഴൊക്കെ നാക്കു പിഴ സംഭവിക്കും. അതില്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നാക്കുപിഴയൊക്കെ സംഭവിക്കാം ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. പേര്‍ഷ്യ, പേഴ്സി അങ്ങനെ പല വാക്കുകളിലും നാക്കുപിഴ സംഭവിക്കും. അര്‍ജന്റീനയിലേയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയും യൂറോപ്പിലേയും ഉച്ഛാരണം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. പല ഉച്ഛാരണങ്ങളും ഉണ്ടായേക്കാം. ഞാനതിനെ ന്യായീകരിക്കുകകയല്ല. എന്നേപ്പോലുള്ള ഒരാള്‍ അങ്ങനെയൊരു പത്രപ്രവര്‍ത്തകന്‍ വന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ പാടില്ലായിരുന്നു. എനിക്കുള്ള സന്ദേശം അതാണ്. ഇനി ഞാനത് ശ്രദ്ധിക്കാം’, ജയരാജന്‍ വ്യക്തമാക്കി.
എനിക്ക് തന്നെ സംഭവിക്കുന്ന ചില തെറ്റുകള്‍ ഉണ്ട്. ഉദാഹരണത്തിന് ശസ്ത്രക്രിയ എന്ന വാക്ക്. ചിലപ്പോള്‍ ഞാന്‍ അത് നീട്ടി ഉച്ഛരിക്കാറുണ്ട്. അങ്ങനെ സംഭവിക്കും. അത് സ്വാഭാവികമാണ്. മലയാളം നമ്മുടെ പ്രാദേശികമായൊക്കെ സംസാരിച്ച് വരുമ്പോള്‍ ചില വാക്കുകള്‍ക്ക് അങ്ങനെ സംഭവിച്ചേക്കും.
നാക്കുപിഴ സംഭവിച്ചേക്കാം, അത് തിരിച്ചറിയാനുള്ള പ്രാപ്തി ഇപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. അത് ദുരുദ്ദേശപരമായി ഉപയോഗിക്കുന്നവര്‍ക്ക് അത് ഒരു രസമായിരിക്കും. അവര്‍ രസിക്കട്ടെ എന്നേ എനിക്ക് പറയാന്‍ സാധിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മീഡിയ വണിന്റെ പ്രത്യേക പരിപാടി ‘പന്തുമാല’യില്‍ സംസാരിക്കുമ്പോളായിരുന്നു ഇ.പി. ജയരാജന്‍ മെസിക്ക് പകരം മേഴ്‌സി എന്ന് തെറ്റായി ഉച്ഛരിച്ചത്. ഇതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ നിരവധി ആളുകള്‍ പരിഹാസവുമായും എത്തിയിരുന്നു.
‘മേഴ്‌സി കപ്പും കൊണ്ടേ പോകൂ. ഇന്ന് പത്രങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. മേഴ്‌സി തന്നെ പറഞ്ഞിട്ടുണ്ട്, കപ്പും കൊണ്ടേ മടങ്ങൂവെന്ന്. ഫുട്ബാള്‍ എന്ന കായിക വിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താല്‍പര്യമാണ് മേഴ്‌സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായിക പ്രതിഭകള്‍ ഉയര്‍ന്നുവരട്ടെ,’ എന്നായിരുന്നു ഇ.പി. ജയരാജന്റെ പരാമര്‍ശം.
Content Highlight: LDF Convener EP Jayarajan’s Reply on the Statement About ‘Mersy’ Statement instead of Messi