| Monday, 18th July 2022, 12:24 pm

വൃത്തികെട്ട കമ്പനി, നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല, എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല: യാത്രാ വിലക്കില്‍ ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇന്‍ഡിഗോ കമ്പനി തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

”ഞാന്‍ കോറിഡോറില്‍ നിന്നത് കൊണ്ടാണ് അവര്‍ക്ക് എന്നെ തള്ളിമാറ്റി മുഖ്യമന്ത്രിയുടെ അടുത്ത് എത്താന്‍ കഴിയാതിരുന്നത്. ഇത് വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇന്‍ഡിഗോ കമ്പനി തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ എനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്കാണ്. എന്നാല്‍ ഞാനിനി ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാന്‍ മനസിലാക്കിയില്ല.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇവരുടെ ഫ്‌ളൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാര്യയുമായിരിക്കും. എന്നാല്‍ ഇനി ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിലവാരമില്ലാത്ത കമ്പനിയായി ഞാന്‍ മനസിലാക്കുന്നു.

കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കാനല്ല അവര്‍ താല്‍പര്യം കാണിച്ചത്. ഞാനീ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ല. വേറെ പല മാന്യമായ വിമാന കമ്പനികളുമുണ്ട്.

പല സ്ഥലങ്ങളില്‍ നിന്നും അവരുടെ കമ്പനിയുടെ വിമാന സര്‍വീസ് അപകടത്തിലാണെന്ന വാര്‍ത്ത വരുന്നുണ്ട്. ആ കമ്പനിയെ ഞാന്‍ ഉപേക്ഷിക്കുകയാണ്. എനിക്ക് ടിക്കറ്റും വേണ്ട നിങ്ങളെ വിമാനവും വേണ്ട.

ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെന്ന് വെച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്റെ അഭിപ്രായത്തില്‍ അത് സ്റ്റാന്‍ഡേര്‍ഡില്ലാത്ത കമ്പനിയാണ്.

ചീത്തപ്പേരിന് ഇടയാക്കാതെ സാഹചര്യം കൈകാര്യം ചെയ്തതിന് എന്നെ പ്രശംസിച്ച് എനിക്ക് അവാര്‍ഡ് തരണം ഇന്‍ഡിഗോ കമ്പനി. ഇത് മാന്യന്മാരുടെ കമ്പനിയാണെങ്കില്‍ എനിക്കവര്‍ പുരസ്‌കാരം തരണം.

അവരുടെ ഒരു സൗജന്യവും എനിക്ക വേണ്ട. ഞാനിനി അവരുടെ വിമാനത്തില്‍ കയറില്ല. എന്റെ ഒരു പൈസയും ഈ കോര്‍പറേറ്റ് കമ്പനിയിലേക്ക് പോകാന്‍ പാടില്ല.

ഞാന്‍ നടന്ന് പോയാലും ഇനി ഇവരുടെ വിമാനത്തില്‍ കയറില്ല. ഇന്റര്‍നാഷണലായാലും നാഷണലായാലും ഇനി ആ കമ്പനിയുടെ വിമാനത്തില്‍ ഞാന്‍ യാത്ര ചെയ്യില്ല, എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല.

ഈ കമ്പനിയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കുമ്പോള്‍ ജനങ്ങളും അവരുടെ നിലപാട് സ്വീകരിക്കും, ഈ കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് മനസിലാക്കും.

ഇങ്ങനെ മൂന്ന് പേര്‍ പ്ലാന്‍ ചെയ്ത് വരുന്നതായി ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഇത്തരത്തില്‍ ക്രിമിനലുകളാണെന്ന് അറിയാം. എന്നിട്ടും ഒരു 36,000 രൂപക്ക് വേണ്ടി അവരെ വിമാനത്തില്‍ കയറ്റിയത് ശരിയായില്ല,” ജയരാജന്‍ പറഞ്ഞു.

അതേസമയം, വിലക്കിന്റെ കാര്യം ഇന്‍ഡിഗോതന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: LDF convener EP Jayarajan reacts to the ban of Indigo Airlines, says won’t travel in it

We use cookies to give you the best possible experience. Learn more