തിരുവനന്തപുരം: തനിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വോട്ടെടുപ്പിന്റെ തലേദിവസം തന്നെ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത് ആസൂത്രിതമായിട്ടാണെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ വിരോധികളുടെയും ചില മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുടെയും കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും അറിവോടെയാണ് ഈ കുപ്രചരണങ്ങള്‍ നടന്നിരിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. എങ്ങനെയാണ് തന്നെ പോലെയുള്ള ഒരാളെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ ആക്ഷേപിക്കുന്നതെന്നും ഇ.പി. മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
‘ഒരു ആക്ഷേപം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് വേണം. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കണം ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്താന്‍. എനിക്ക് ശോഭ സുരേന്ദ്രനുമായി ഒരു ബന്ധവുമില്ല. തൃശൂരില്‍ വെച്ച് ബി.ജെ.പി നേതാവായ ശോഭ സുരേന്ദ്രനെ ഞാന്‍ കണ്ടുവെന്ന് ചിലര്‍ ആരോപിക്കുണ്ട്.
രാമനിലയത്തിലേക്ക് ഞാന്‍ പോയിട്ട് തന്നെ ഒരുപാട് കാലമായി. അവിടെ ജീവനക്കാരുണ്ട്, സി.സി.ടി.വി ക്യാമറകളുണ്ട്. ഇതെല്ലം ഉപയോഗിച്ച് ഒരു പരിശോധന നടത്തിയതിന് ശേഷമാണ് ആരോപണം ഉന്നയിക്കുന്നതെങ്കില്‍ സ്വാഭാവികമായും അതിലൊരു ശരിയുണ്ട്. എന്നാല്‍ അതല്ലലോ നടന്നിരിക്കുന്നത്,’ ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മരിച്ച ദിവസമാണ് ശോഭ സുരേന്ദ്രനെ കാണുന്നതെന്നും അവരെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശോഭ സുരേന്ദ്രന്‍ പറയുന്ന ആരോപണങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ മാധ്യമങ്ങള്‍ അതിന്റെ വസ്തുത പരിശോധിക്കേണ്ടേ? കെ. സുധാകരന്‍ പറയുന്നു ഗള്‍ഫില്‍ വെച്ചാണ് ശോഭയും താനുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന്. താന്‍ മന്ത്രിയായിരിക്കുമ്പോഴാണ് അവസാനമായി ഗള്‍ഫില്‍ പോയത്. ഇവരെല്ലാം എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അതെല്ലാം വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഇതിന്റെയെല്ലാം സത്യമെന്താണെന്ന് പരിശോധിക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
ഇതിനുപുറമെ ദല്‍ഹിയിലേക്ക് താന്‍ അവസാനമായി പോയത് കേന്ദ്ര അവഗണനക്കെതിരെ എം.പിമാരും എം.എല്‍.എമാരും ചേര്‍ന്ന് സമരം നടത്തിയപ്പോള്‍ ആയിരുന്നുവെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി. വിവാദങ്ങള്‍ ഒഴിവാക്കാനാണ് വോട്ടെടുപ്പിന്റെ അന്ന് വിഷയത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരനെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അദ്ദേഹം തന്നെ സമ്മതിച്ചതാണെന്നും അതിനുപിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ദിവസം കൊണ്ട് മാറുന്നതല്ല തന്റെ രാഷ്ട്രീയമെന്നും വസ്തുതയില്ലാത്ത ഒരു വിഷയത്തിലേക്ക് മുഖ്യമന്ത്രിയുടെ പേരടക്കം വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഇ.പി. പറഞ്ഞു. താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാല്‍ ഒരാള്‍ പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നുവെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോവുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Content Highlight: LDF convener E.P. Jayarajan says that BJP has conspired against him