| Wednesday, 15th March 2023, 7:47 pm

'വനിതാ എം.എല്‍.എമാര്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തി'; നിയമസഭയെ പ്രതിപക്ഷം ചോരക്കളമാക്കി: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ തടഞ്ഞുവെക്കാന്‍ ശ്രമിക്കുകയും വാച്ച് ആന്‍ഡ് വാര്‍ഡുകളെ അക്രമിക്കുകയും ചെയ്തത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണെന്ന് ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വനിതാ എം.എല്‍.എമാര്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും ജനപിന്തുണ കിട്ടാതെ പ്രതിപക്ഷ സമരങ്ങള്‍ പൊളിയുന്നതിലുമുള്ള ജാള്യതയാണ് സഭാസമ്മേളനത്തെ അലങ്കോലമാക്കുന്നതിനു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യപരമായും ചട്ടപ്രകാരവും പ്രവര്‍ത്തിക്കേണ്ട നിയമസഭയെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ അക്രമകേന്ദ്രമാക്കാന്‍ ശ്രമിക്കുന്നു.

സ്പീക്കറെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞതിന്റെ പേരിലാണ് അഡീഷണല്‍ ചീഫ് മാര്‍ഷല്‍: മൊയ്തീന്‍ ഹുസൈന്‍ അടക്കം ഏഴ് വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ യു.ഡി.എഫ് എം.എല്‍.എമാര്‍ അക്രമിച്ചത്. ഇവര്‍ ആശുപത്രിയിലാണ്. വനിതകള്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തി, ഭീഷണിപ്പെടുത്തി. കൃത്യമായ ആസൂത്രണത്തോടെ എത്തിയാണ് പ്രതിപക്ഷ അക്രമം നടത്തിയത്,’ ജയരാജന്‍ പറഞ്ഞു.

തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാന്‍ ചില മാധ്യമങ്ങളുടെ കൂട്ട്പിടിച്ച് പ്രതിപക്ഷം
നടത്തിയ നുണപ്രചാരണം പൊളിഞ്ഞെന്നും ജയരാജന്‍ പറഞ്ഞു.

‘വകുപ്പ് തിരിച്ച് ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടിനിടലുമടക്കം ഗൗരവമേറിയ നടപടികള്‍ നിയമസഭയില്‍ നടക്കുമ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് അക്രമം നടത്തുന്നത് പ്രതിപക്ഷത്തിന്റെ തികഞ്ഞ പരാജയമാണ് വെളിവാക്കുന്നത്. തങ്ങളുടെ അക്രമത്തെ ന്യായീകരിക്കാന്‍ ചില മാധ്യമങ്ങളുടെ കൂട്ട്പിടിച്ച് നടത്തിയ നുണപ്രചാരണവും പൊളിഞ്ഞു. തന്നെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍ തന്നെ അതിന് തെളിവാണ്

നിയമസഭയില്‍ കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സ്പീക്കര്‍ക്ക് നേരെയുള്ള അക്രമണം. ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുന്ന യു.ഡി.എഫിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യര്‍ത്ഥിക്കുന്നു,’ ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  LDF convener E.P. Jayarajan said that the opposition’s attempt to make the assembly a bloodbath is condemnable

We use cookies to give you the best possible experience. Learn more