തിരുവനന്തപുരം: ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയ സംഘപരിവാര്‍ നേതാവ് സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യവെ ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കണമെന്ന് ചിദാനന്ദപുരി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ വിശ്വാസികളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്ന് തെറ്റായ പ്രചരണമാണ് ചിദാനന്ദപുരി നടത്തിയിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണ്. ശബരിമല സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയുമാണെന്ന് എല്‍.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
ശബരിമല കര്‍മ്മസമിതി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മത ചിഹ്നങ്ങളും വിശ്വാസപ്രമാണങ്ങളും ദുരുപയോഗം ചെയ്യരുതെന്ന ചട്ടം പരസ്യമായി ലംഘിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
ശബരിമല കര്‍മസമിതി മുഖ്യരക്ഷാധികാരിയാണ് സ്വാമി ചിദാനന്ദപുരി. വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷയായ കെ.പി.ശശികലയും ഇന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പറഞ്ഞിരുന്നു.
അതേസമയം ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി ആര്‍.എസ്എസ് നേതാക്കള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്നും കേരളത്തെ വിഷലിപ്തമാക്കുന്നതിനു വര്‍ഗീയഭിന്നിപ്പുണ്ടാക്കാന്‍ ചിദാനന്ദപുരിയെ ആര്‍.എസ്.എസ് ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.