Advertisement
Daily News
പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്, അത് പരിശോധിക്കും: ജോ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 03, 06:40 am
Friday, 3rd June 2022, 12:10 pm

കൊച്ചി: തൃക്കാക്കരയില്‍ വന്‍ മുന്നേറ്റം നടത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് അഭിനന്ദവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. ജനഹിതം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘വിജയിക്ക് അനുമോദനം നേരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കും.

നിലപാടുകള്‍ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്. അത് പരിശോധിക്കും,’ ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എം. മോഹനനനും പ്രതികരിച്ചു. ജനവിധിയെന്ന കാര്യം ജനങ്ങളുടെ അഭിപ്രായ പ്രകടനമാണെന്നും ആ ജനവിധിയുടെ സ്പിരിറ്റ് അംഗീകരിക്കുന്നെന്നും സി.എം. മോഹനന്‍ പറഞ്ഞു.

‘കഴിഞ്ഞ ഒരുമാസം നടത്തിയ പ്രവര്‍ത്തന രീതി വെച്ച് നോക്കിയാല്‍ ഒരു കാരണവശാലും ഇങ്ങനെ ഒരു റിസള്‍ട്ട് വരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. കാരണം രാഷ്ട്രീയ പ്രശ്നങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും ദേശീയ രാഷ്ട്രീയം സംബന്ധിച്ചും തൃക്കാക്കരയിലെ സവിശേഷ പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം വിശദമായി ജനങ്ങളുമായി സംവദിച്ചതാണ്. പക്ഷേ ഈ ഫലമാണ് വന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കേണ്ടി വരും. എങ്കിലും ഈ പരാജയം നമ്മള്‍ സമ്മതിക്കുകയാണ്. ഇത്രയും വോട്ടിന്റെ പരാജയം അവിശ്വസിനീയമാണ്. അതൊരു വസ്തുതയാണ്. അപ്രതീക്ഷിതമാണ്,’ സി.എം. മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് നയിച്ച തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് നയിച്ചത് തങ്ങള്‍ തന്നെയാണെന്നുമായിരുന്നു മോഹനന്റെ മറുപടി.