Kerala Local Body Election 2020
പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ 'മോഡി'ക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 16, 01:40 pm
Wednesday, 16th December 2020, 7:10 pm

പത്തനംതിട്ട: പേരില്‍ മോഡിയുള്ളതു കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജിജോ മോഡി ജയിച്ചത്.

ജിജോ മോഡി പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്നാണ് ജിജോ മോഡി മത്സരിച്ച് ജയിച്ചത്. ജിജോയുടെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.

15199 വോട്ടുകളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ജിജോ മോഡി നേടിയത്. 13126 വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സാമുവല്‍ കിഴക്കുപുറം നേടിയത്. 20173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജിജോ മോഡി മലയാലപ്പുഴ ഡിവിഷനില്‍ വിജയിച്ചത്.

മോഡിയില്‍ എന്ന കുടുംബ പേരാണ് ചുരുക്കി മോഡി എന്നാക്കി മാറ്റിയത്. പ്രസംഗ വേദികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്ന ഘട്ടത്തിലും ഇടക്കിടക്ക് ഈ ജിജോ മോഡിയെക്കുറിച്ചല്ല പറയുന്നതെന്ന് തിരുത്തേണ്ടി വരാറുണ്ട്.

കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബത്തില്‍ നിന്ന് എസ്.എഫ്.ഐയിലെത്തുന്നതിലൂടെയാണ് ജിജോ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ബി. കോം വിദ്യാര്‍ത്ഥിയായിരിക്കെ കോന്നി വി.എന്‍.എസ് കോളെജില്‍ യൂണിയന്‍ ചെയര്‍മാനായായിരുന്നു തുടക്കം.

മാധ്യമ പ്രവര്‍ത്തകനായും ജോലി ചെയ്ത ജിജോ മോഡി മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനത്തിലേക്കിറങ്ങുകയായിരുന്നു.

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളില്‍ ഭാരവാഹിയായിരുന്ന ജിജോ ഇപ്പോള്‍ സി.പി.ഐ.എം കോന്നിതാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കോന്നി മാര്‍ക്കറ്റിംഗ് ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയാണ്.

മോഡിയെന്ന പേരുകൊണ്ട് നാട്ടിലും താന്‍ ശ്രദ്ധിക്കപ്പെട്ടെന്ന് പറഞ്ഞ ജിജോയുടെ മക്കളുടെ പേരിലും മോഡിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സൈനിക മോഡിയെന്നും നൈനിക മോഡിയെന്നുമാണ് ജിജോയുടെ മക്കളുടെ പേരുകള്‍.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: LDF candidate Jijo Modi won in Pathanamthitta Malayalappuzha division