പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടുകയും അഖിലേന്ത്യാതലത്തില്‍ നടത്തിയ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥിനി 2016ല്‍ കണ്ണൂര്‍ അഞ്ചക്കണ്ടി മെഡിക്കല്‍ കോളേജില്‍ മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം നേടാനെത്തി. ഓഫീസിലെത്തിയ വിദ്യാര്‍ത്ഥിനിയോട് ഇരുപത്തിയഞ്ച് ലക്ഷം രൂപ മാനേജ്‌മെന്റ് തലവരി ആവശ്യപ്പെട്ടു. പണം നല്‍കാനില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി മടങ്ങി. അന്ന് മെറിറ്റ് ലിസ്റ്റില്‍ നിന്നും തലവരി നല്‍കാനില്ലാതെ ഒഴിഞ്ഞു പോയവരുടെ സീറ്റുകളില്‍ പണം നല്‍കി പ്രവേശനം നേടിയവര്‍ക്ക് വേണ്ടി സംസ്ഥാന നിയമസഭ ഒന്നിച്ച് ഓഡിനന്‍സ് കൈയ്യടിച്ച് പാസ്സാക്കുന്നു.
മെറിറ്റില്‍ പ്രവേശനം നേടി മറ്റൊരു കോളേജില്‍ പഠനം തുടരുന്ന ആ വിദ്യാര്‍ത്ഥിനി പറയുന്നു.
“അഞ്ചരക്കണ്ടിയില്‍ ചേരാതിരുന്നതില്‍ ഇപ്പോള്‍ അഭിമാനം തോന്നുന്നു. അവിടെ പഠനം തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ തല ഉയര്‍ത്തി നടക്കാനാവില്ലായിരുന്നു. കൂലിപ്പണിക്കാരുടെ മക്കള്‍ക്കുള്ളതല്ല സ്വാശ്രയ കോളേജെന്ന് സര്‍ക്കാറും പറഞ്ഞു തന്നല്ലോ. പണം നല്‍കാനില്ലാത്തതിനാല്‍ അന്ന് അവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഏറെ വിഷമിച്ചിരുന്നു”.
മെഡിക്കല്‍ പ്രവേശന മേല്‍നോട്ട കമ്മിറ്റിയെ നോക്കുകുത്തിയാക്കി മാനേജ്‌മെന്റുകള്‍ സീറ്റ് കച്ചവടംചെയ്യുകയും രക്ഷിതാക്കള്‍ തലവരി നല്‍കുകയും ചെയ്യുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തപ്പോള്‍ തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഓര്‍ഡിനന്‍സ് പുറത്തിറക്കിയ ശേഷം ആരോഗ്യമന്ത്രി കെ. കെ ശൈലജ പറയുന്നത് ഇതാണ്.
“മാനേജുമെന്റുകള്‍ നടത്തിയ ചട്ടലംഘനം അംഗീകരിക്കില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനാണ് ഈ നടപടി”. വിഷയത്തില്‍ പ്രതിപക്ഷവും പിന്തുണ നല്‍കി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു. “മാനേജ്‌മെന്റ് ദയ അര്‍ഹിക്കുന്നില്ലെങ്കിലും കുട്ടികളുടെ ഭാവി ഓര്‍ക്കണം” എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. നിയമ വിരുദ്ധമായ തലവരി പ്രവേശനത്തെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും അംഗീകരിക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.
നിയന്ത്രണമില്ലാത്ത സ്വാശ്രയ കച്ചവടം
സ്വാശ്രയ മെഡിക്കല്‍ കച്ചവടത്തിന് കടിഞ്ഞാണിടുന്നതിനാണ് സുപ്രീംകോടതി ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരീക്ഷയിലൂടെയുള്ള പ്രവേശനത്തില്‍ മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ വേണ്ടെന്ന 2013 ലെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി പൊതു പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തും നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവേശനം സുതാര്യമായിരിക്കണമെന്നും തലവരി വാങ്ങരുതെന്നും നല്‍കരുതെന്നും പ്രവേശന പരീക്ഷ മേല്‍നോട്ട സമിതി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കണം, മെറിറ്റ് ലിസ്റ്റും വെയിറ്റിംഗ് ലിസ്റ്റും യഥാസമയം പുറത്തിവിടണം എന്നിങ്ങനെയുള്ള മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങളെ പാടേ അവഗണിച്ച് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ചു. കമ്മിറ്റി പ്രവേശനം റദ്ദാക്കി.
സുപ്രീംകോടതിയില്‍ പോയെങ്കിലും മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ചില്ല. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് നടത്തിയ പ്രവേശനത്തിലും കൃത്രിമത്വം കാണിച്ചത് തെളിഞ്ഞതോടെ മേല്‍നോട്ട സമിതി പ്രവേശനം വീണ്ടും റദ്ദാക്കി. ആരോഗ്യ സര്‍വ്വകലാശാലയും നടപടി സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി.
എന്നാല്‍ നീറ്റിന്റെ ലക്ഷ്യത്തെ തന്നെ സംസ്ഥാനത്ത് അട്ടിമറിച്ചാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയും, പാലക്കാട് കരുണ മെഡിക്കല്‍ കോളേജും തലവരി വാങ്ങി പ്രവേശനം നടത്തിയത്. നാല്പത്തിയഞ്ച് ലക്ഷം രൂപ വരെ തലവരി വാങ്ങിയെന്ന് മേല്‍നോട്ട സമിതി കണ്ടെത്തിയിട്ടുണ്ട്. നീറ്റ് നടപ്പാക്കി മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ പ്രസിഡന്റ് ഡോക്ടര്‍ കെ. പി അരവിന്ദന്‍ വിമര്‍ശിക്കുന്നു.
തലവരി വാങ്ങാതെ പൂട്ടിപ്പോകുമെന്ന കോളേജുകള്‍ പൂട്ടട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെടുക്കേണ്ടയിരുന്നത്. നീറ്റ് നിയമം അതിനുള്ളതായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിയ നടപടി ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. നീറ്റ് നടപ്പാക്കിയത് മുതല്‍ സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിച്ച കോളേജുകളാണിത്. കച്ചവടം നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും മെറിറ്റുള്ള കുട്ടികളുടെ സീറ്റ് തട്ടിയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കിയത് ശരിയല്ല”. കെ. പി അരവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ഭരണകാലത്ത് വിദ്യാര്‍ത്ഥിയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇടതുപക്ഷം സമരം നടത്തുകയും ഭരണത്തിലെത്തുമ്പോള്‍ മാനേജ്‌മെന്റിന് അനുകൂലമായ തീരുമാനമെടുക്കുകയും ചെയ്യുകയാണെന്ന് എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി അഷറഫലി വിമര്‍ശിക്കുന്നു.
“സ്വാശ്രയ വിദ്യാഭ്യാസ കാര്യത്തില്‍ എല്ലാക്കാലത്തും മലക്കം മറിഞ്ഞവരാണ് സി.പി.ഐ.എം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യാനുള്ള ഒരു കാരണത്തിനപ്പുറത്ത് ഭരണത്തിരിക്കുമ്പോള്‍ സമരത്തിലൂടെ അടികൊണ്ട് തലപൊട്ടിയവര്‍ ഉന്നയിച്ച ഒരു ആവശ്യങ്ങളും അവര്‍ നടപ്പാക്കില്ലെന്ന് മാത്രമല്ല സ്വാശ്രയ സ്ഥാപനങ്ങളെ അവിഹിതമായി സഹായിക്കുകയും ചെയ്യും”അഷറഫലി പറയുന്നു.
എന്നാല്‍ മെറിറ്റിലൂടെയല്ലാതെ തലവരി നല്‍കി പ്രവേശനം നേടുന്നത് ആശാസ്യകരമല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് പ്രതികരിച്ചു.