വടകരയില്‍ സ്ഥാനാര്‍ത്ഥിയുടെ ബൂത്തിലും ബി.ജെ.പിക്ക് ഏജന്റില്ല: മുരളീധരന് വോട്ട് വില്‍ക്കാനുള്ള ധാരണയെന്ന ആരോപണം ശക്തം
വടകര: വടകരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന്റെ ബൂത്തിലും ബി.ജെ.പിക്ക് ഏജന്റില്ല. വില്ല്യാപ്പള്ളി വള്ള്യാട് ഈസ്റ്റ് എല്‍.പി സ്‌കൂളിലായിരുന്നു സജീവന് വോട്ട്. ഇവിടെ എന്‍.ഡി.എയുടെ ഏജന്റായി ആരും തന്നെയുണ്ടായിരുന്നില്ല.
വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് എന്‍.ഡി.എയുടെ വോട്ട് വില്‍ക്കാനുള്ള ധാരണയുണ്ടെന്ന ആരോപണം എല്‍.ഡി.എഫ് ഉയര്‍ത്തുന്നുണ്ട്. സ്വന്തം വീടിന്റെ പരിസരത്തുപോലും സജീവന്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
വോട്ടെടുപ്പ് ദിനത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളും ഈ ധാരണ വെളിവാക്കുന്നതായിരുന്നു. സജീവന്റെ ബൂത്തില്‍ ബി.ജെ.പിക്കാര്‍ യു.ഡി.എഫിനൊപ്പമായിരുന്നു തെരഞ്ഞെടുപ്പു ദിനത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലടക്കം ബി.ജെ.പിക്കാര്‍ ബൂത്തിലുണ്ടായിരുന്നില്ല. മണ്ഡലത്തില്‍ എന്‍.ഡി.എ വലിയ തോതിലുള്ള പ്രചരണവും നടത്തിയിരുന്നില്ല.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സജീവന്‍ തന്നെയായിരുന്നു മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. അന്ന് അദ്ദേഹം 76,313 വോട്ടുകള്‍ നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ നിന്നുമായി ബി.ജെ.പിക്ക് 114317 വോട്ടുകള്‍ ലഭിച്ചിരുന്നു.
വടകരയില്‍ യു.ഡി.എഫ്- ബി.ജെ.പി ധാരണയെന്ന ആരോപണം സജീവന്‍ നേരത്തെതള്ളിയിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ജയരാജന്‍ സ്ഥാനാര്‍ത്ഥി ആയതോടെ വോട്ട് ഏകീകരിക്കപ്പെടുമെന്ന ഭയമുണ്ട്. ഈ ഭയത്തില്‍ നിന്നാണ് ഇത്തരം ആരോപണം വരുന്നത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഒരു സീറ്റെങ്കില്‍ ഒരു സീറ്റ് കുറയ്ക്കാന്‍ വേണ്ടിയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഒരു വിട്ടുവീഴ്ചയ്ക്കും ബി.ജെ.പി തയ്യാറല്ല’ എന്നാണ് മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സജീവന്‍ പറഞ്ഞത്.