വടകരയില്‍ ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നെന്ന് സമ്മതിച്ച് നേതൃത്വം
D' Election 2019
വടകരയില്‍ ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നെന്ന് സമ്മതിച്ച് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 2:27 pm

 

 

തിരുവനന്തപുരം: വടകരയില്‍ ബി.ജെ.പിയുടെ വോട്ട് ചോര്‍ന്നെന്ന് സമ്മതിച്ച് പാര്‍ട്ടി നേതൃത്വം. പ്രാഥമിക വിലയിരുത്തലിലാണ് വോട്ട് ചോര്‍ന്നതായി വ്യക്തമായതെന്ന് മനോരമ ന്യൂസ് റിപ്പോര്ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് വിലയിരുത്താല്‍ ബി.ജെ.പി ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയില്‍ ചേരും.

വടകരയില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് മറിക്കുമെന്ന ധാരണയുണ്ടെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിന് വടകരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന്റെ ബൂത്തില്‍വരെ ബി.ജെ.പിക്ക് ഏജന്റുമാരുണ്ടായിരുന്നില്ലയെന്നത് ഈ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു.

വില്ല്യാപ്പള്ളി വള്ള്യാട് ഈസ്റ്റ് എല്‍.പി സ്‌കൂളിലായിരുന്നു സജീവന് വോട്ട്. ഇവിടെ എന്‍.ഡി.എയുടെ ഏജന്റായി ആരും തന്നെയുണ്ടായിരുന്നില്ല.

സ്വന്തം വീടിന്റെ പരിസരത്തുപോലും സജീവന്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണം നടത്തിയിട്ടില്ലെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സജീവന്റെ ബൂത്തില്‍ ബി.ജെ.പിക്കാര്‍ യു.ഡി.എഫിനൊപ്പമായിരുന്നു തെരഞ്ഞെടുപ്പു ദിനത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലടക്കം ബി.ജെ.പിക്കാര്‍ ബൂത്തിലുണ്ടായിരുന്നില്ല. മണ്ഡലത്തില്‍ എന്‍.ഡി.എ വലിയ തോതിലുള്ള പ്രചരണവും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പിനുശേഷവും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ബി.ജെ.പി നേതൃത്വം തന്നെ വോട്ടുചോര്‍ന്നെന്ന് സമ്മതിച്ചിരിക്കുകയാണ്.