|

ചാന്ത് പൊട്ടെന്ന പരിഹാസമില്ല; എല്‍.ജി.ബി.ടിയെന്ന് പറഞ്ഞു വെക്കാനുമില്ല; ലൈംഗിക ന്യൂനപക്ഷങ്ങളെ പേരിട്ട് സ്വീകരിച്ച് തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലൈംഗിക ന്യൂനപക്ഷങ്ങളെ എല്‍.ജി.ബി.ടിയെന്ന വാക്കില്‍ വേര്‍തിരിച്ച് നിര്‍ത്താതെ തമിഴ് ജനത. എല്‍.ജി.ബി.ടിയെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സെന്നും ഇംഗ്ലീഷ് ഭാഷ വിശേഷിക്കുമ്പോള്‍ മലയാളം അടക്കമുള്ള പലഭാഷകളിലും ആണിനും പെണ്ണിനുമപ്പുറം മൂന്നാംലിംഗമെന്ന പരിഗണന മാത്രമേ ഇവര്‍ക്ക് നല്‍കുന്നുള്ളു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി എല്‍.ജി.ബി.ടിയ്ക്ക് സ്വന്തം പേരുകള്‍ നല്‍കിയിരിക്കുകയാണ് തമിഴ് ലോകം.


Also read ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു 


ലെസ്ബിയന്‍- അഗനള്‍, ഗേ- അഗനന്‍, ബൈസെക്ഷ്വല്‍- ഈറര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ – തിരുനര്‍ എന്നിങ്ങനെയാണ് തമിഴ് ജനത ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ഭാഷയില്‍ നിന്നും വിശേഷണങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിംഗമാറ്റം നടത്തുന്നവരെല്ലാം ഇനി തമിഴ് ഭാഷയില്‍ “തിരുനരാ”ണ്. ആണ് പെണ്ണാകുന്നതും പെണ്ണ് ആണാകുന്നതും എല്ലാം തിരുനര്‍ എന്ന പേരിലാകും ഇവിടെ അറിയപ്പെടുക. ആണായി ജനിച്ച് പെണ്ണായി രൂപമാറ്റം സ്വീകരിക്കുന്നവരെ “തിരുനങ്കൈ” എന്ന പേരിലാണ് തമിഴ് ജനത അഭിസംബോധന ചെയ്യുക. പെണ്ണായി ജനിച്ച് ആണ്‍ രൂപം സ്വീകരിക്കുകയാണെങ്കില്‍ അവരെ “തിരുനമ്പി” എന്നും വിളിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങളടക്കം പല വസ്തുക്കള്‍ക്കും മലയാളം അടക്കമുള്ള ഭാഷകള്‍ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്വന്തം ഭാഷയിലെ പദങ്ങളായിരുന്നു തമിഴ് ജനത ഉപയോഗിച്ചിരുന്നത്. ഇതിനു സമാനമായി തന്നെയാണ് ലൈംഗിക ന്യനപക്ഷങ്ങളെയും സ്വന്തം ഭാഷയില്‍ തമിഴ് ജനത വിശേഷിപ്പിക്കാന്‍ ആരംഭിച്ചത്.

മൂന്നാംലിഗംമെന്നും ചാന്ത് പൊട്ടെന്നും ഉള്‍പ്പെടെയുള്ള പദങ്ങളില്‍ ന്യനപക്ഷങ്ങളെ പരിഹസിക്കുന്ന “പ്രബുദ്ധ” മലയാളത്തിനു മാതൃകയാക്കാവുന്ന കാര്യമാണ് അയല്‍ക്കാരായ തമിഴ്‌നാട് കാണിച്ച് തരുന്നത്. വിക്കീപീഡിയയടക്കമുള്ള സംവിധാനങ്ങളിലും തമിഴ് മാധ്യമങ്ങളിലും ഈ പേരുമാറ്റം ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.