| Monday, 24th July 2023, 9:20 pm

ജീവനുള്ള 808 ആടുകളെ ഉപയോഗിച്ച് മെസിയുടെ മുഖം; ഗോള്‍ നേട്ടം ആഘോഷിച്ച് ലെയ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

അവിശ്വസനീയമായ രീതിയില്‍ മെസിക്ക് ട്രിബ്യൂട്ട് നല്‍കിയ ചിപ്‌സ് നിര്‍മാതാക്കളായ ലെയ്‌സ്. 808 ആടുകളെ ഉപയോഗിച്ച് മെസിയുടെ പോട്രെയ്റ്റ് നിര്‍മിച്ചാണ് ലെയ്‌സ് ഫുട്‌ബോള്‍ ഇതിഹാസത്തിനോടുള്ള ആദരവും വ്യക്തമാക്കിയത്. ലെയ്‌സിന്റെ ഈ വ്യത്യസ്തമായ അഡ്വര്‍ട്ടൈസിങ് സ്ട്രാറ്റജിക്ക് കയ്യടികള്‍ ഉയരുകയാണ്.

രണ്ട് ദിവസം മുമ്പാണ് ലെയ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. മെസിയുടെ ചിത്രം നിര്‍മിക്കുന്നതിനൊപ്പം താരത്തിന്റെ അടുത്ത ഗോളിനായി ലെയ്‌സ് ആശംസയര്‍പ്പിക്കുന്നുമുണ്ട്.

മേജര്‍ ലീഗ് സോക്കറിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയാണ് ലയണല്‍ മെസി അമേരിക്കന്‍ മണ്ണിലേക്കുള്ള തന്റെ വരവറിയിച്ചത്. ക്രൂസ് അസൂളിനെതിരെയുള്ള മത്സരത്തിന്റെ 94ാം മിനിട്ടിലാണ് തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ മെസി ഹറോണ്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിടത്ത് നിന്നുമാണ് മയാമിയുടെ രക്ഷകനായി മെസി അവതരിച്ചത്. പെനാല്‍ട്ടി ബോക്സിന് പുറത്ത് നിന്നാണ് മഴവില്‍ ഫ്രീ കിക്കിലൂടെ മെസി ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ ബോക്സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് മയാമിയുടെ വിജയ ഗോളില്‍ കലാശിച്ചത്.

മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി കളത്തിലിറങ്ങിയത്.

മെസി ഇറങ്ങി പത്ത് മിനിട്ടനകം യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. തുടര്‍ന്ന് ഗോള്‍ നേടാന്‍ മയാമി കിണഞ്ഞു ശ്രമിച്ചെങ്കിലും ആ ശ്രമം ഫലം കണ്ടത് ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം മുമ്പേയായിരുന്നു.

സെറീന വില്യംസ്, ലെബ്രോണ്‍ ജെയിംസ് അടക്കമുള്ള ഗോട്ടുകള്‍ മെസിയുടെ ആദ്യ മത്സരം കാണാന്‍ മയാമിയുടെ ഹോം സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

ലീഗ്‌സ് കപ്പിലെ ആദ്യ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ജെയില്‍ ഒന്നാമതാണ് ഇന്റര്‍ മയാമി. ലീഗ്‌സ് കപ്പില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. ബുധനാഴ്ച ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയമണ് വേദി.

Content Highlight: Lay’s pays tribute to Messi

We use cookies to give you the best possible experience. Learn more