'വയലന്‍സ് ആരുടെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ'; ചീഫ് ജസ്റ്റിസിനോട് ലോയേഴ്‌സ് യൂണിയന്‍
national news
'വയലന്‍സ് ആരുടെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ'; ചീഫ് ജസ്റ്റിസിനോട് ലോയേഴ്‌സ് യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2020, 5:49 pm

 

കൊച്ചി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേസുകള്‍ പരിഗണിക്കമെങ്കില്‍ അക്രമം അവസാനിപ്പിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയോട് ചോദിച്ച് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി പ്രമോദ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസുകള്‍ അങ്ങേയ്ക്ക് പരിഗണിക്കാന്‍ കഴിയാതെ വന്ന, അങ്ങ് ചൂണ്ടിക്കാണിച്ച വയലന്‍സ് ആരുടെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നും പ്രമോദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രമോദിന്റെ പ്രതികരണം.

പ്രതികരണം മുഴുവന്‍ വായിക്കാം

ബഹുമാനപ്പെട്ട ചീഫ് ജസ്റ്റീസ്,

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസുകൾ അങ്ങേയ്ക്ക് പരിഗണിക്കാൻ കഴിയാതെ വന്ന, അങ്ങ് ചൂണ്ടിക്കാണിച്ച വയലൻസ് ആരുടെ സംഭാവനയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അക്രമങ്ങൾ നടക്കുന്നത് 23 പേർ പോലീസ് ആക്ഷനിൽ മരണപ്പെട്ട യു പിയിലും, പിന്നെ കേന്ദ്ര തലസ്ഥാനമായ ദില്ലിയിലുമാണ് എന്ന് പത്രങ്ങളിൽ കാണുന്നു. അവിടെ ലോ ആന്റ് ഓർഡർ കൈകാര്യം ചെയ്യുന്നവരുടെ കാർമ്മികത്വത്തിലാണ് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ നേരിടുന്നത്. JNU വിൽ അതിക്രമിച്ചു കയറിയ മുഖം മൂടിയിട്ട തീവ്രവാദികളെ അവർ അടിച്ചമർത്തുന്നില്ലെങ്കിൽ ഈ നിലപാടുമൂലം പൗരത്വ കേസ് കേൾക്കാനാവില്ലല്ലോ? അപ്പോൾ ഒരു കൂട്ടം അക്രമികൾ വിചാരിച്ചാൽ നിയമവാഴ്ച മാത്രമല്ല, നിയമ വിചാരണയും അട്ടിമറിക്കപ്പെടുകയില്ലേ ?
70 വർഷക്കാലത്തിനിടെ സുപ്രീം കോടതിയ്ക്ക് കേസ് പരിഗ്ണിക്കാതിരിക്കാൻ അക്രമങ്ങൾ ഒരു കാരണമായി കണക്കിലെടുക്കേണ്ടി വന്ന ആദ്യ അവസരവും ഇതായിരിക്കുമോ?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന കർണ്ണാടകയിൽ പോലീസ് വെടിവെപ്പിൽ രണ്ടാൾ മരണപ്പെട്ടതൊഴിച്ചാൽ, മറ്റെവിടെയും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരു കലാപവും ഉണ്ടായിട്ടില്ല.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതേ ബിജെപി ഭരിക്കുന്ന ത്രിപുരയിലും ആസാമിലുമാണ് അക്രമസംഭവങ്ങൾ ഉണ്ടായത് എന്നതും എടുത്ത് പറയേണ്ടതാണ്.
നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങണമെന്നാണല്ലോ? നിയമം അതിന്റെ വഴികളിൽ സ്വാഭാവികമായാണ് ചരിക്കേണ്ടത് ; മെല്ലെപ്പോക്ക് അസ്വാഭാവികമാണ്, ഒട്ടും ലോജിക്കലല്ല, ലോജിക്കലല്ലാത്ത ഒന്നും നിയമപരവും അല്ലെന്നാണല്ലോ?
സുപ്രീം കോടതിയിൽ കേസ് പരിഗണിക്കാതിരിക്കാൻ കഴിയാത്ത വിധം വയലൻസ് നടത്തുന്നവരുണ്ടെങ്കിൽ contempt എടുക്കാമല്ലോ? അത്രയും അധികാരം കയ്യിലുണ്ടായിട്ടും നീതി തേടി വരുന്നവരെ അക്രമകാരികളുടെ നല്ലനടപ്പുവരെ കയ്യകലത്ത് മാറ്റി നിർത്തുന്നത് ഉചിതമാണോ?
കോടതികളിലും ഭരണഘടനയിലുമാണ് നിലവിലെ സാഹചര്യത്തിൽ പൗരൻമാർക്ക് വലിയ പ്രതീക്ഷയും വിശ്വാസവും ഉളളത്. വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയ്ക്ക് തുല്യമാണ്.
Let the law prevail !