ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ
സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ ജമ്മു കശ്മീര്‍ ത്വ ബാര്‍ അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതിയില്‍ ഒരു കൂട്ടം അഭിഭാഷകര്‍. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനു മുമ്പാകെയാണ് അഭിഭാഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിഷയം ശ്രദ്ധിച്ച കോടതി അഭിഭാഷകരോട് ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സുപ്രീം കോടതിയിലെ ഒരുകൂട്ടം അഭിഭാഷകരെ പ്രതിനിധീകരിച്ചുകൊണ്ട് മലയാളിയായ അഭിഭാഷകന്‍ പി.വി ദിനേഷാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ” ജമ്മുകശ്മീര്‍ കത്വയിലെ അഭിഭാഷകരുടെ ഞെട്ടിക്കുന്ന നടപടിയ്‌ക്കെതിരെ നോട്ടീസ് നല്‍കണമെന്ന്” അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെടുകയായിരുന്നു.
“ജമ്മുകശ്മീര്‍ കത്വ ബാറിലെ അഭിഭാഷകരുടെ നടപടി നോക്കൂ. അവര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ല എന്നു മാത്രമല്ല ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകനെ കോടതിയില്‍ ഹാജരാകാന്‍ പോലും അനുവദിക്കുന്നില്ല.” അഡ്വ. ദിനേഷ് കോടതിയില്‍ പറഞ്ഞു.
“ഞങ്ങള്‍ ഒരു ഹര്‍ജിയും സമര്‍പ്പിക്കുന്നില്ല, പൊതുതാല്‍പര്യ ഹര്‍ജി ആരെങ്കിലും ഫയല്‍ ചെയ്യുന്നത് കാണാനും താല്‍പര്യപ്പെടുന്നില്ല. ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തില്‍ സ്വമേധയാ തന്നെ ഇടപെടുകയാണ് വേണ്ടത്.” എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സ്വമേധയാ നടപടിയെടുക്കണമെങ്കില്‍ കൂടി നമുക്ക് ചില രേഖകള്‍ മുമ്പില്‍ വേണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഇതോടെ “നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യൂ, പിന്നെ ഞങ്ങള്‍ നോക്കിക്കോളാം” എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും ക്രൈംബ്രാഞ്ചിനെ തടഞ്ഞ കത്വ ബാര്‍ അസോസിയേഷനിലെ അഭിഭാഷകര്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസ് ചൊവ്വാഴ്ച എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ തടഞ്ഞ അഭിഭാഷകര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ആറുമണിക്കൂറിലേറെ വൈകിപ്പിച്ചിരുന്നു.
മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. സമീപത്തെ ഹൈന്ദവ ക്ഷേത്രത്തില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു.