ചെന്നൈ: കേള്‍വിക്ക് ബുദ്ധിമുട്ടുള്ള 11 വയസ്സുകാരി ബാലികയെ മാസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി വരാന്തയില്‍ വെച്ച് അഭിഭാഷകര്‍ തല്ലിച്ചതച്ചു.
ചൈന്നൈ അയനാവരത്തുള്ള ബാലിക താമസിക്കുന്ന ഫ്‌ലാറ്റില്‍ വെച്ച് പീഡിപ്പിച്ച ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ അടക്കമുള്ളവരെയാണ് അഭിഭാഷകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ നാല് മണിയോടെയാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
വിചാരണയ്ക്ക് ശേഷം റിമാന്‍ഡ് ചെയ്ത പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ട് പോകവേ ആയിരുന്നു അഭിഭാഷകര്‍ കൂട്ടത്തോടെ എത്തി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പ്രതികള്‍ക്ക് പലര്‍ക്കും പരിക്കേറ്റു.
പൊലീസ് ഇടപെട്ടാണ് ഒടുവില്‍ അഭിഭാഷകരെ മര്‍ദ്ദനത്തില്‍ നിന്നും പിന്തിരിച്ചത്.
18പേരെയാണ് ബാലികയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി സംഭവം തന്റെ സഹോദരിയോട് പറഞ്ഞതിന് ശേഷമാണ് ഏഴ് മാസത്തെ പീഡന കഥ പുറംലോകം അറിഞ്ഞത്.
ബാലികയെ മയക്കുമരുന്ന് നല്‍കിയാണ് പ്രതികള്‍ പീഡനത്തിന് വിധേയയാക്കിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.