| Monday, 23rd January 2023, 12:38 pm

മോക് ഡ്രില്ലില്‍ തീവ്രവാദിയായി അഭിനയിച്ച പൊലീസുകാരന്റെ 'അല്ലാഹു അക്ബര്‍ വിളി'; പൊലീസ് മേധാവിക്ക് പരാതി നല്‍കി അഭിഭാഷക കൂട്ടായ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര പൊലീസിന്റെ വിവാദ മോക് ഡ്രില്ലില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി അഭിഭാഷക കൂട്ടായ്മ. മോക് ഡ്രില്‍ നടന്ന മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ (Chandrapur) അഭിഭാഷകരുടെ കൂട്ടായ്മയാണ് പൊലീസ് മേധാവിയെ സമീപിച്ചത്.

തീവ്രവാദികളെ പിടികൂടുന്നതായി നടത്തിയ മോക് ഡ്രില്ലില്‍ തീവ്രവാദിയായി അഭിനയിച്ച പൊലീസുകാരന്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചതായിരുന്നു വിവാദമായത്.

മുസ്‌ലിം മതവിഭാഗത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം മോക് ഡ്രില്ലില്‍ ഉണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. വിശദമായ അന്വേഷണം നടത്താമെന്നും ഇതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും പൊലീസ് സൂപ്രണ്ട് രവീന്ദ്രസിങ് പര്‍ദേശി (Ravindrasingh Pardeshi) അഭിഭാഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് മോക് ഡ്രില്‍ എന്ന് വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ മാസം പതിനൊന്നാം തീയതിയായിരുന്നു മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ചേര്‍ന്ന് മോക് ഡ്രില്‍ നടത്തിയത്. സംസ്ഥാന പൊലീസിലെ ലോക്കല്‍ പൊലീസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ഏറ്റുമുട്ടലുകള്‍ക്ക് വേണ്ടി നിയോഗിക്കുന്ന യൂണിറ്റ് സി60 എന്നീ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്നായിരുന്നു മോക് ഡ്രില്‍ നടത്തിയത്.

ചന്ദ്രാപൂരിലെ ഒരു ക്ഷേത്രത്തില്‍ കയറിക്കൂടുന്ന തീവ്രവാദികളെ പൊലീസെത്തി വളഞ്ഞിട്ട് പിടികൂടുന്നതായിട്ടായിരുന്നു മോക് ഡ്രില്ലില്‍ ചിത്രീകരിച്ചത്. ഇതില്‍ തീവ്രവാദിയായ അഭിനയിച്ചയാള്‍ പൊലീസുകാരുടെ പിടിയിലായ ശേഷം അല്ലാഹു അക്ബര്‍ എന്ന് വിളിച്ചതാണ് വലിയ വിവാദമായത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlight: Lawyers submit objection on Allah Hu Akbar slogan at terror attack mock drill in Maharashtra

We use cookies to give you the best possible experience. Learn more