ധാക്ക: ന്യൂനപക്ഷ ആക്രമണം ശക്തമാവുന്ന ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ സംഘടന ആത്മീയ നേതാവ് ചിന്മോയ് കൃഷ്ണ ദാസിന് തിരിച്ചടി. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഹിന്ദു പുരോഹിതന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അഭിഭാഷകര്‍ വിസമ്മതിച്ചതോടെ വിചാരണ നീട്ടിവെച്ചതായാണ് സൂചന. ജാമ്യാപേക്ഷ പരിഗണിക്കുന്ന ചറ്റാഗ്രോം കോടതിയാണ് വിചാരണ ജനുവരി രണ്ടിലേക്ക് മാറ്റിയത്.
എന്നാല്‍ കേസില്‍ ചിന്മോയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകനായ രമണ്‍ റോയി പിന്മാറിയതിനെത്തുടര്‍ന്നാണ് കേസിന്റെ വിചാരണ നീട്ടിവെച്ചതെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് ഇസ്‌കോണ്‍ അധികൃതര്‍ പറഞ്ഞത്.
‘ചിന്മോയ് കൃഷ്ണ ദാസിനെ കോടതിയില്‍ സംരക്ഷിച്ചു എന്ന കാര്യം മാത്രമാണ് രമണ്‍ റോയി ചെയ്തത്. എന്നാല്‍ അക്രമകാരികള്‍ അദ്ദേഹത്തിന്റെ വീട് കൊള്ളയടിച്ചു. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ്,’ ഇസ്‌കോണ്‍ വക്താവ് രാധാരാമന്‍ ദാസ് പറഞ്ഞു.
പുണ്ഡരിക് ധാമിന്റെ പ്രസിഡന്റായ ചിന്മോയ് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്.
ചിന്മോയ് കൃഷണ ദാസിന്റെ അറസ്റ്റിന് പിന്നാലെ ഇസ്‌കോണ്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ചിന്മോയിയുടെ അറസ്റ്റിന്
പിന്നാലെ ബംഗ്ലാദേശില്‍ വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
സൈഫുല്‍ ഇസ്‌ലാം അലിഫ് എന്ന അഭിഭാഷകന്‍ ഈ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടിരുന്നു. സൈഫുലിന്റെ മരണത്തില്‍ ഇതുവരെ ഒമ്പത് ആളുകളെ ധാക്ക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃഷ്ണദാസിന്റെ അറസ്റ്റില്‍ ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആന്ധ്രാ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അറസ്റ്റ് അനീതി ആണെന്നും വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്.
Content Highlight: Lawyers not ready to represent Chinmoy Das, bail hearing postponed