ചെന്നൈ: ഒമ്പതുവയസുകാരിയെ ട്രെയിനില്‍ പീഡിപ്പിച്ചതിന് അറസ്റ്റിലായ അഭിഭാഷകനും മുന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കെ.പി പ്രേം ആനന്ദ് സ്ഥിരം കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മധവറാം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിലവിലുള്ള കേസും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ്. 2015 മാര്‍ച്ച് 27നാണ് പരാതി ഫയല്‍ ചെയ്തത്. തിരുവള്ളൂര്‍ സ്വദേശിയായ സ്ത്രീയെയും കുടുംബത്തെയും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.
“രാത്രി പതിനൊന്നുമണിയോടെ ഞാനും കുട്ടികളും റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങി. ഭര്‍ത്താവ് ബില്‍ അടയ്ക്കുകയായിരുന്നു. കുട്ടികളുടെയൊപ്പം ഞാന്‍ പുറത്ത് അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ കാറുമായി ഞങ്ങള്‍ക്കടുത്തേക്ക് നീങ്ങി. വഴിയറിയാത്ത ആരോ ആണെന്ന് കരുതി ഞാനടുത്തേക്ക് ചെന്നു. പത്തുമിനിറ്റ് കൂടെകിടക്കാന്‍ വരുമോയെന്ന് അയാള്‍ ചോദിച്ചു. ഞാനയാളെ ചീത്തവിളിച്ചു. അതോടെ അയാള്‍ എന്റെ കയ്യില്‍ പിടിക്കുകയും തള്ളിയിടുകയും ചെയ്തു. അതോടെ എന്റെ ഭര്‍ത്താവും ഓടിയെത്തി. കാറിലിരുന്നയാള്‍ എന്നെയും ഭര്‍ത്താവിനെയും കാറുകൊണ്ടിടിച്ചു. ഞാന്‍ ഹൈക്കോടതിയിലെ അഭിഭാഷകനായ പ്രേം ആനന്ദാണ് എന്നയാള്‍ പറഞ്ഞു. ആര്‍ക്കും എന്നെ ഒന്നും ചെയ്യാനാവില്ലെന്നും. പിന്നീട് അദ്ദേഹം കഴുത്തിലെ ചെയില്‍ പൊട്ടിച്ച് ഞങ്ങള്‍ അത് തട്ടിപ്പറിക്കാന്‍ ശ്രമിച്ചതാണെന്ന് വിളിച്ചുപറയുമെന്ന് ഭീഷണിപ്പെടുത്തി.” എന്നാണ് പരാതിയില്‍ പറയുന്നത്.
എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതിന്റെ പിറ്റേദിവസം അഭിഭാഷകനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണ നടപടികള്‍ തുടരുകയാണെന്നും പരാതിക്കാരിയുടേയും സാക്ഷികളുടേയും മൊഴിയെടുത്തെന്നുമാണ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ പ്രതിയിപ്പോഴും പുറത്ത് കുറ്റകൃത്യങ്ങള്‍ തുടരുകയാണ്.
ഈവര്‍ഷം ഫെബ്രുവരിയില്‍ നോര്‍ത്ത് ബീച്ച് പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. മറ്റൊരു കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ പേരിലാണ് നടപടി.
ഫെബ്രുവരി ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഭാര്യയേയും മകനേയും സഹോദരനേയും കൂട്ടി മറ്റ് അഭിഭാഷകര്‍ക്കുമൊപ്പം പ്രേം ആനന്ദ് വീട്ടില്‍ വന്നെന്നും തുടര്‍ന്ന് തങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ മര്‍ദ്ദിച്ചെന്നും വീട്ടിലെ ഒരു ചുമര് തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.
സിറ്റി സിവില്‍ കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസില്‍ പരാതിക്കാരന്‍ ജയിച്ചതിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണമെന്നും പരാതിയില്‍ പറയുന്നു.