| Friday, 20th July 2018, 12:09 am

കഠ്വ കേസില്‍ പ്രതിഭാഗം വക്കീലിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിച്ചതില്‍ വ്യാപക പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകാശ്മീര്‍: കഠ്വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികഭാഗം അഭിഭാഷകനെ അഡീഷനല്‍ അഡ്വക്കേറ്റ് ജനറലാക്കി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം നീതിന്യായ വ്യവസ്ഥയുടെ ഞെട്ടിക്കുന്ന ലംഘനമാണെന്ന് മെഹ്ബൂബ ട്വിറ്ററിലൂടെ വ്യക്തമാക്കി. വിഷയത്തില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ ഇടപെടണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

എട്ടു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികളായ ചിലര്‍ക്കു വേണ്ടി ഹാജരായ അസീം സാവ്നിയെയാണ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചുകൊണ്ടു ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


Read Also : തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ചവര്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശം


31 അഭിഭാഷകരെയാണ് വിവിധ ചുമതലകളിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് ഹൈക്കോടതിയുടെ കശ്മീര്‍ ശാഖയിലേക്കും 16 പേര്‍ക്ക് ജമ്മു ശാഖയിലേക്കുമാണു നിയമനം.

ജമ്മു ശാഖയിലേക്കുള്ള 16 പേരുടെ നിയമനത്തിലാണ് അസീം സാവ്നിയുടെയും പേരുള്ളത്. നിയമനത്തില്‍ പ്രതിഷേധിച്ചു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയും രംഗത്തെത്തി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വിചാരണയിലാണ് ശ്രദ്ധയെന്നും കഠ്വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രാജ്യത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ നാലു പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ടു പേരെയാണ് ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 10ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒരാഴ്ചയ്ക്കു ശേഷം കണ്ടെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more