|

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പൈജാമയുടെ ചരടഴിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് വിധിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് അഭിഭാഷക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പൈജാമയുടെ ചരടഴിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് വിധിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതി സുപ്രീം കോടതിയിലെ അഭിഭാഷക.

ഒരു പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയോ പൈജാമയുടെ ചരട് പൊട്ടിക്കുകയോ വഴിയിലൂടെ വലിച്ചിഴക്കുകയോ ചെയ്യുന്നത് ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ലെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞതിന് പിന്നാലെയാണ് അഭിഭാഷക ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതിയത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ ശോഭ ഗുപ്തയാണ് കത്തെഴുതിയത്. തന്റെ പേരിലും ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നിവക്കായി പ്രവർത്തിക്കുന്ന സംഘടനയായ വീ ദി വിമൻ ഓഫ് ഇന്ത്യയുടെയും പേരിലാണ് ശോഭ ഗുപ്ത ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

അലഹബാദ് ഹൈക്കോടതി ജഡ്ജിന്റെ വിധി തന്നെ ഞെട്ടിച്ചുവെന്ന് അഭിഭാഷക മാധ്യമങ്ങളോട് പറഞ്ഞു. ‘സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു മുതിർന്ന അഭിഭാഷക എന്ന നിലയിൽ, ഒരു സ്ത്രീ എന്ന നിലയിൽ, വീ ദി വിമൻ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ, അങ്ങേയറ്റം വേദനയോടും ആശങ്കയോടും കൂടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ജഡ്ജിയുടെ വ്യാഖ്യാനം പൂർണമായും തെറ്റാണ്,’ അഭിഭാഷക തന്റെ കത്തിൽ എഴുതി.

ഈ വിഷയത്തിലുള്ള ജഡ്ജിയുടെ സമീപനം നിരുത്തരവാദിത്തപരമാണെന്നും അവർ കൂട്ടിച്ചേർത്തു. ‘സമൂഹത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഈ ഉത്തരവ്, ഇതിനകം തന്നെ തകർന്നിരിക്കുന്ന സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്നു,’ അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര എത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നാലെ ഇവർക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തീരുമാനിച്ചതായി അനുമാനിക്കാന്‍ കഴിയുന്ന ഒരു തെളിവും രേഖകളില്‍ ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചു എന്നത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര നിരീക്ഷിച്ചു.

Content Highlight: Lawyer seeks action against Allahabad High Court judge over ‘not rape’ ruling

Video Stories