കോഴിക്കോട്: ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും സംസാരിച്ച് സുപ്രീം കോടതി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയില്‍ മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിന് ഇനിയും വളരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ പ്രശാന്ത് ഭൂഷണ്‍, ആം ആദ്മി പാര്‍ട്ടിക്ക് ഒരിക്കലും കോണ്‍ഗ്രസിന് പകരമായി ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും പറഞ്ഞു.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.
ആം ആദ്മി പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍.
ഉത്തര്‍പ്രദേശിലും സ്വാധീനം ചെലുത്താന്‍ അവരിപ്പോള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രത്യേകിച്ച് ഒരു പോളിസിയോ പ്രത്യയശാസ്ത്രമോ ഇല്ലാത്തതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രശ്‌നമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ എന്ന ഒരൊറ്റ നേതാവിന്റെ മുഖം മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളതെന്നും അവസരം കിട്ടുമ്പോള്‍ വര്‍ഗീയത ഉപയോഗിക്കുന്ന പാര്‍ട്ടിയാണതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
സാഹചര്യം കിട്ടുമ്പോള്‍ വര്‍ഗീയത പ്രയോഗിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയെ വര്‍ഗീയതയുടെ കാര്യത്തില്‍ മറികടക്കാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സാധിക്കില്ലെന്നും, അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ആം ആദ്മി പാര്‍ട്ടി ചെയ്യുന്ന മണ്ടത്തരമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
രാജ്യവ്യാപകമായി ആം ആദ്മി പാര്‍ട്ടി വളരുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് പകരമായി ഉയര്‍ന്ന് വരാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് ഒരിക്കലും സാധ്യമാവില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഒരു ശക്തമായ പ്രതിപക്ഷം രാജ്യത്തുണ്ടാവാന്‍ തീവ്രമായി ആഗ്രഹിക്കുന്ന പലരും ഇവിടെയുണ്ടെന്നും അത്തരത്തില്‍ ഉയര്‍ന്നുവരാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ ‘ആള്‍ ഇന്ത്യ ലെവലി’ല്‍ കോണ്‍ഗ്രസിനാണ് അത് സാധിക്കുകയെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്.
കനയ്യ കുമാര്‍, അഭിഭാഷക ദീപിക സിംഗ് രജാവത് തുടങ്ങിയവര്‍ ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ആളുകള്‍ പാര്‍ട്ടില്‍ ചേരുന്നത് നല്ല കാര്യമാണെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
ഇവരെ ഒന്നിച്ചു നിര്‍ത്തി മുന്നോട്ട് പോവാന്‍ പാര്‍ട്ടിയ്ക്ക് സാധിക്കണമെന്നും കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Lawyer Prashanth Bhushan talking about Congress and Aam Aadmi party