| Friday, 31st December 2021, 10:22 pm

എച്ച്. സലാം എം.എല്‍.എ എസ്.ഡി.പി.ഐ ആണെന്ന പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ ഒരു കോടി നല്‍കാന്‍ വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴ ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നാലെ തനിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം വക്കീല്‍ നോട്ടീസയച്ചു

കെ. സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ മാപ്പ് പറയണം, അല്ലെങ്കില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ എച്ച്. സലാം ആവശ്യപ്പെട്ടിരിക്കുന്നത്.

15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അഡ്വ. ജി. പ്രിയദര്‍ശന്‍ തമ്പി മുഖാന്തരം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും സലാം നോട്ടീസില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഡിസംബര്‍ 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എച്ച്. സലാം എസ്.ഡി.പിഐക്കാരനാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞത്. 25ന് കോട്ടയത്ത് നടത്തിയ മാധ്യമപ്രതികരണത്തിലുംം സുരേന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

‘സി.പി.ഐ.എമ്മിന് അകത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറുന്നു എന്നത് പച്ചയായ സത്യമാണ്. പകല്‍ ഡി.വൈ.എഫ്.ഐയും രാത്രി പോപ്പുലര്‍ ഫ്രണ്ടുമാണ് പലയാളുകളും. അക്കൂട്ടത്തില്‍പ്പെട്ടയാളാണ് സലാമൊക്കെ. ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും പോപുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ലീഗില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് ലീഗ് നേതാവായ എം.കെ. മുനീര്‍ ഒരു ദശകം മുമ്പ് പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.

വിഷയത്തില്‍, നാക്കിന് എല്ലില്ലാത്ത വര്‍ഗീയവാദിയുടെ പുലമ്പലാണ് സുരേന്ദ്രന്റേത് എന്നാണ് എച്ച്. സലാം പ്രതികരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് എച്ച്. സലാം നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ എച്ച്. സലാമിന്റെ പ്രതികരണം

വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിപരമായി തനിക്കെതിരെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം ശുദ്ധ അസംബന്ധമാണ്. എം.എല്‍.എയായ ഞാനും സി.പി.ഐ.എമ്മും എസ്.ഡിപി.ഐയെ സഹായിച്ചെന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. അടിസ്ഥാനരഹിതമായ ആരോപണം തനിക്കെതിരെ ഉന്നയിച്ച് വ്യക്തിപരമായ അധിക്ഷേപം നടത്തിയ കെ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും.

സ്‌കൂള്‍ വിദ്യാഭ്യാസ ഘട്ടത്തില്‍ എസ്.എഫ്.ഐയിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച തന്റെ മതനിരപേക്ഷ നിലപാട് അമ്പലപ്പുഴയിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമാണ്. അതിന് കെ. സുരേന്ദ്രനെ പോലുള്ള വര്‍ഗീയവാദികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് വേളയിലും ബി.ജെ.പി നടത്തിയ ഇതുപോലെയുള്ള പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ലക്ഷണമൊത്ത ഒരു വര്‍ഗീയ വാദിയാണെന്ന് സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Lawyer notices to pay Rs 1 crore against K. Surendran Statement to H.  Salam MLA being SDPI 

We use cookies to give you the best possible experience. Learn more