'കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നു'; ഏകപക്ഷീയ വിലയിരുത്തലുകളാണ് ജഡ്ജി നടത്തിയതെന്ന് ഹരീഷ് വാസുദേവന്‍
Kerala News
'കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നു'; ഏകപക്ഷീയ വിലയിരുത്തലുകളാണ് ജഡ്ജി നടത്തിയതെന്ന് ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th January 2022, 7:42 am

കോഴിക്കോട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധിയാണിതെന്ന് 289 പേജുള്ള വിധിയുടെ പകര്‍പ്പ് വായിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനല്‍ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാകും. പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികള്‍, കാരണങ്ങള്‍, ലിങ്കുകള്‍ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു.
വിധി അനീതിയാണ്, ഇത്തരം സഹചര്യങ്ങളില്‍ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകള്‍..
അപ്പീലിന് നല്ല സ്‌കോപ്പുള്ളതാണ്.
സ്റ്റേറ്റ് അപ്പീല്‍ പോകണം..
വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം,’ ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.

പരാതിക്കാരി വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാന്‍ ജഡ്ജി ഗോപകുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ഫ്രാങ്കോയും ഇരയും തമ്മില്‍ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താന്‍ വിധിയില്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്

ജഡ്ജി ജി ഗോപകുമാര്‍ ഒറ്റവരിയിലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ്ഹാജരായത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

289 പേജുള്ള വിധി വായിച്ചു. അങ്ങേയറ്റം അസംബന്ധമായ, അബദ്ധമായ, നിയമസാധുത ഇല്ലാത്ത, പ്രായോഗിക സഹചര്യങ്ങളൊന്നും പരിഗണിക്കാത്ത വിധി.
പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനല്‍ നടപടി നിയമം അരച്ചു കലക്കി കുടിച്ചിട്ടേ പരാതിയുമായി ഇറങ്ങാവൂ എന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശം.. അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാകും..

പ്രോസിക്യൂഷന്റെ കേസും പരാതിക്കാരിയുടെ മൊഴികളും തെറ്റാണെന്ന് സ്ഥാപിക്കാന്‍ മിനക്കെട്ടുള്ള ജഡ്ജിയുടെ ശ്രമമാണ് ആത്യന്തം. അതിനുള്ള കുയുക്തികള്‍, കാരണങ്ങള്‍, ലിങ്കുകള്‍ ഒക്കെ കണ്ടെത്തലാണ് ആകെ വിധിയുടെ പണി.
പരാതിക്കാരി വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്നു സ്ഥാപിക്കാന്‍ ജഡ്ജി ഗോപകുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഉള്ള തെളിവുകളും തള്ളിക്കളയുന്നു എന്ന് സംക്ഷിപ്തം. പലവട്ടം കയറിപ്പിടിച്ചു, വിരലുകള്‍ യോനിയില്‍ ബലമായി കടത്തി, ലിംഗം വായില്‍ കടത്തി ഇതൊന്നും കോടതിക്ക് വിഷയമല്ല, ലിംഗം യോനിയില്‍ കടത്തി പീഡിപ്പിച്ചു എന്ന മൊഴി ആദ്യം പലരോടും പറഞ്ഞപ്പോള്‍ വ്യക്തമായി പറഞ്ഞില്ല എന്നത് കൊണ്ട് ബാക്കിയൊക്കെ അവിശ്വസനീയം.. എങ്ങനെണ്ട്?


ഫ്രാങ്കോയും ഇരയും തമ്മില്‍ നടന്നത് ഉഭയകക്ഷി ലൈംഗികബന്ധം എന്നു വരുത്താന്‍ വിധിയില്‍ ശ്രമം. പീഡനം കഴിഞ്ഞും കാറില്‍ ഒരുമിച്ചു സഞ്ചരിച്ചതും ഇമെയില്‍ അയച്ചതും ഒക്കെ പ്രണയബന്ധം കൊണ്ടെന്നു വ്യംഗ്യം..
പരാതിയില്‍, പൊലീസിന് കൊടുത്ത മൊഴിയില്‍, കോടതിയില്‍ കൊടുത്ത മൊഴിയില്‍, ഡോക്ടര്‍ എഴുതിയ മൊഴിയില്‍ ഒക്കെ ചില വ്യത്യാസങ്ങള്‍ ഉള്ളതൊക്കെ വലിയ വൈരുധ്യങ്ങളാക്കി, ആയതിനാല്‍ വിശ്വസിക്കാന്‍ കൊള്ളാത്തവളാണ് എന്ന് സ്ഥാപിക്കാന്‍ വിധിയില്‍ ജഡ്ജി നല്ല വിയര്‍പ്പൊഴുക്കിയിട്ടുണ്ട്..


ഇത്തരം കേസുകളില്‍ എത്രനാള്‍ക്കുള്ളില്‍ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെങ്കിലും 8 മാസം വൈകിയത് ദുരൂഹമാണെന്നു ജഡ്ജിക്ക് തോന്നുന്നു..
കേസിനു ആധാരമായ സംഭവങ്ങള്‍ മാത്രമല്ല ഗോപകുമാര്‍ ജഡ്ജി വിലയിരുത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം ദുരുദ്ദേശപരം ആയിരുന്നെന്നും നീതി ഉദ്ദേശിച്ചുള്ളത് അല്ലെന്നും ജഡ്ജി വിധിച്ചിട്ടുണ്ട്.. അതേത് വകുപ്പില്‍ എന്നു ചോദിക്കരുത്..

പാവം ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്കുന്നു.
വിധി അനീതിയാണ്, നാളെ ഇത്തരം സഹചര്യങ്ങളില്‍ നിന്ന് നാളെ പരാതിയുമായി ആരും വരാത്ത സഹചര്യമുണ്ടാക്കുന്ന വിധി. ഇരയുടെ സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാതെ ഏകപക്ഷീയമായ വിലയിരുത്തലുകള്‍..
അപ്പീലിന് നല്ല സ്‌കോപ്പുള്ളതാണ്.
സ്റ്റേറ്റ് അപ്പീല്‍ പോകണം..
വിധി എങ്ങനെയൊക്കെ തെറ്റാണെന്നും പൊതുസമൂഹത്തോട് പറയണം..

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: lawyer Harish Vasudevan criticizes Bishop Franco Mulakkal’s acquittal in nun rape case