ന്യൂദല്‍ഹി; ഓക്‌സിജന്‍ ക്ഷാമവുമായ ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെ വികാരധീനനായി അഭിഭാഷകന്‍. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്റെ അടുത്ത ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും കഴിയുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
‘കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ എന്റെ അടുത്ത ബന്ധുവിന് ആശുപത്രിയില്‍ ഒരു കിടക്ക പോലും കിട്ടിയിട്ടില്ല. അച്ഛന്‍ എന്നാണ് തിരികെ വീട്ടിലെത്തുകയെന്ന് അദ്ദേഹത്തിന്റെ മകള്‍ എന്നും എന്നോട് ചോദിക്കും,’ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
താങ്കളുടെ ദു:ഖം തങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്നും വിഷയത്തില്‍ പരിഹാരം കാണാമെന്നും പറഞ്ഞാണ് ഹൈക്കോടതി അഭിഭാഷകനെ സമാധാനിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ദല്‍ഹിയിലും ആഗ്രയിലും സ്ഥിതി ഗുരുതരമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിലാണ് ഓക്സിജന്‍ ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗ്രയിലെ ആശുപത്രികള്‍ക്ക് മുന്നില്‍ ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമം നേരിടുന്നതായി കാണിച്ച് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. മറ്റു ചില ആശുപത്രികള്‍ ഓക്സിജന്‍ സൗകര്യം രോഗികളുടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ആഗ്രയിലെ ആശുപത്രിയില്‍ എട്ടോളം കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. ഇത്തരത്തില്‍ ‘തെറ്റായ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Lawyer breaks down during oxygen crisis hearing at Delhi HC