ഇസ്രഈൽ നടത്തുന്ന വംശഹത്യ അന്വേഷിക്കണം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി
World News
ഇസ്രഈൽ നടത്തുന്ന വംശഹത്യ അന്വേഷിക്കണം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 8:05 pm

ഗസ: ഇസ്രഈലിന്റെ വംശവെറിയിലും വംശഹത്യയിലും അന്വേഷണം നടത്തണമെന്നും ഇസ്രഈലി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) കേസ് ഫയൽ ചെയ്ത് ഫലസ്തീനിയൻ അവകാശ സംഘടനകൾ.

അൽ ഹഖ്, അൽ മെസാൻ, ഫലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നീ സംഘടനകളാണ് കേസ് നൽകിയത്. ജനസാന്ദ്രതയേറിയ ഗസ മുനമ്പിലെ തുടർച്ചയായ ഇസ്രഈലി ആക്രമണങ്ങളിലേക്ക് മനുഷ്യാവകാശ സംഘടനകൾ അടിയന്തര ശ്രദ്ധ ക്ഷണിച്ചു.

ഗസയെ ശ്വാസം മുട്ടിക്കുന്ന ഇസ്രഈലി ഉപരോധവും ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതും വിഷ വാതകം പ്രയോഗിച്ചതും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നീ ആവശ്യ വസ്തുക്കൾ നിഷേധിച്ചതും അന്വേഷണ വിധേയമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ഇസ്രഈലി നടപടികൾ യുദ്ധക്കുറ്റമാണെന്നും വംശഹത്യ ഉൾപ്പെടെ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരകൃത്യങ്ങളാണെന്നും പരാതിയിൽ പറയുന്നു.

ഇസ്രഈൽ പ്രസിഡന്റ്‌ ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധമന്ത്രി യോവ ഗലാന്റ് എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഗസ മുനമ്പിലും കിഴക്കൻ ജെറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രഈലികളും ഫലസ്തീനികളും യുദ്ധക്കുറ്റം ചെയ്തു എന്ന നിർണയത്തിൽ 2021ൽ ഐ.സി.സിയുടെ പ്രോസിക്യൂട്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം ഗസയിൽ നടക്കുന്ന ഇസ്രഈലി അക്രമണങ്ങളോടുള്ള ഐ.സി.സിയുടെ പ്രതികരണം മന്ദഗതിയിലാണെന്ന് ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തിയിരുന്നു.

ഉക്രൈനിലെ യുദ്ധക്കുറ്റത്തിന് റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനെതിരെ അന്താരാഷ്ട്ര കോടതിയുടെ വിധി ചൂണ്ടിക്കാട്ടി, അന്താരാഷ്ട്ര നീതിയിൽ ഇരട്ടതാപ്പ് പാടില്ലെന്ന് ഫലസ്തീനി സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇമ്മാനുവൽ ദാവൂദ് പറഞ്ഞു.

യുദ്ധക്കുറ്റം നടന്നത് ഫലസ്തീനിലോ ഉക്രൈനിലോ ആകട്ടെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്ന് ദാവൂദ് പറഞ്ഞു.

ഒക്ടോബർ 31ന് റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സും ഗസയിലെ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രഈൽ യുദ്ധക്കുറ്റം നടത്തിയെന്നാരോപിച്ച് ഐ.സി.സിക്ക് പരാതി നൽകിയിരുന്നു.

Content highlight: Lawsuit urges the ICC to include ‘genocide’ in Gaza war crimes inquiry and issue arrest warrants for Israel’s leaders