ജെവികമല്ലാത്ത പ്രധാനമന്ത്രി എന്തെങ്കിലും നിലപാടെടുക്കുമോ? ഉയർന്ന സംവരണം സാധ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ജയറാം രമേശ്
national news
ജെവികമല്ലാത്ത പ്രധാനമന്ത്രി എന്തെങ്കിലും നിലപാടെടുക്കുമോ? ഉയർന്ന സംവരണം സാധ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 4:46 pm

ന്യൂദൽഹി: മതിയായ നിയമങ്ങളില്ലെന്നും ഉയർന്ന സംവരണം സാധ്യമാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ബീഹാറിലെ സംവരണത്തിന്റെ ക്വാട്ട വർദ്ധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജയറാം രമേശിന്റെ പ്രസ്താവന.

ശനിയാഴ്ച നടന്ന ജനതാദൾ യുണൈറ്റഡിൻ്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പട്ടികജാതി (എസ്‌.സി), പട്ടികവർഗ (എസ്‌.ടി) വിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിക്കാനുള്ള ബീഹാർ സർക്കാരിൻ്റെ തീരുമാനത്തെ തള്ളിയ പട്‌ന ഹൈക്കോടതി വിധിയിൽ പാർട്ടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. 50 ശതമാനത്തിൽ നിന്ന് 65 ശതമാനത്തിലേക്ക് സംവരണം മാറ്റണം എന്നായിരുന്നു ആവശ്യം.

എസ്‌.സി, എസ്.ടി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള സംവരണവുമായി ബന്ധപ്പെട്ട എല്ലാ സംസ്ഥാന നിയമങ്ങളും 9-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നതായി എക്സിൽ ജയറാം രമേശ് പറഞ്ഞു.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

ഇന്നലെ പട്‌നയിൽ ജെ.ഡി.യു ഇതേ ആവശ്യം ഉന്നയിച്ചത് നല്ല കാര്യമാണ്. എന്നാൽ സംസ്ഥാനത്തും കേന്ദ്രത്തിലും സഖ്യകക്ഷിയായ ബി.ജെ.പി ഇക്കാര്യത്തിൽ തികഞ്ഞ മൗനത്തിലാണ്. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം 50 ശതമാനത്തിൽ കൂടുതലാക്കാൻ സഹായിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കുകയാണ് വേണ്ടത്,’ ജയറാം രമേശ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് കൊടുത്ത ഉറപ്പാണ് സംവരണമെന്നും, ജൈവികമായി ജനിക്കാത്ത പ്രധാനമന്ത്രി ഇതിൽ എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

Content Highlight: Laws not enough, Constitution should be amended to enable higher reservation: Jairam Ramesh