| Wednesday, 30th October 2024, 8:11 pm

ലോറൻസ് ബിഷ്‌നോയിക്ക് അഭിമുഖം നടത്താൻ പഞ്ചാബ് പൊലീസ് സ്റ്റേഷൻ ടി.വിയും വൈഫൈയും; വിമർശനവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോറൻസ് ബിഷ്‌നോയിക്ക് അഭിമുഖം നടത്താൻ പഞ്ചാബ് പൊലീസ് സ്റ്റേഷൻ ടി.വിയും വൈഫൈയും നൽകിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

പിന്നാലെ പൊലീസുകാരും ലോറൻസ് ബിഷ്‌ണോയിയും തമ്മിലുള്ള ബന്ധവും ഗൂഢാലോചനയും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിർദേശിച്ചു.

ലോറൻസ് ബിഷ്‌ണോയിയുടെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തൻ്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്ക് അധികാരമില്ലെന്ന് പ്രത്യേക ഡി.ജി.പി പ്രബോധ് കുമാർ കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്. ജസ്റ്റിസുമാരായ അനുപീന്ദർ സിംഗ് ഗ്രേവാൾ, ലപിത ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

ജയിൽ പരിസരത്ത് തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനുപീന്ദർ സിങ് ഗ്രേവാളും ലപിത ബാനർജിയും ഇക്കാര്യം പറഞ്ഞത്.

‘പൊലീസ് ഉദ്യോഗസ്ഥർ കുറ്റവാളിയെ ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കാൻ അനുവദിക്കുകയും ഇൻ്റർവ്യൂ നടത്താൻ സ്റ്റുഡിയോ പോലെയുള്ള സൗകര്യം നൽകുകയും ചെയ്തു. ഇത് കുറ്റവാളിക്കും കൂട്ടാളികൾക്കും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരം ഒരുക്കി നൽകലാണ്. ഇത് കുറ്റകൃത്യങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിവാക്കുകയാണ്. അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമാണ്,’ കോടതി നിർദേശിച്ചു.

2023 മാർച്ചിൽ പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ധുവിൻ്റെ കൊലപാതകത്തിൽ സംശയിക്കുന്ന ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം ഒരു വാർത്താ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു.

Content Highlight: Lawrence Bishnoi used Punjab Police station as TV studio for interview, given access to Wi-Fi: High court

We use cookies to give you the best possible experience. Learn more