| Tuesday, 10th April 2018, 8:33 am

കര്‍ണാടക ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്; കോടതിയും സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍പ്രസാദ് കര്‍ണാടക ജഡ്ജി പി.കൃഷ്ണഭട്ടിനെതിരെ കര്‍ണാടക ചീഫ് ജസ്റ്റിസിന് കത്തെഴുതിയ സാഹചര്യത്തില്‍ സര്‍ക്കാരും സുപ്രീം കോടതിയുമായുള്ള പോര് ശക്തമാവുന്നു. പി.കൃഷ്ണഭട്ടിനെതിരായ ലൈംഗിക പീഡന ആരോപണം വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്നാണ് രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തില്‍ ആരോപിച്ചത്.

ജുഡീഷ്യറിയില്‍ സര്‍ക്കാര്‍ ഇടപെടുന്നെന്നും വിഷയം ഫുള്‍കോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കൃഷ്ണഭട്ടിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ചെലമേശ്വറിന്റെ കത്ത്. ആ കത്തിനുള്ള പ്രതികരണമെന്നോണമാണ് മന്ത്രിയുടെ കത്തെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.


Read Also: ഓര്‍മ്മയുണ്ടോ സൈന്യം മനുഷ്യ കവചമാക്കിയ കാശ്മീരി യുവാവിനെ?; തൊഴില്‍ നഷ്ടപ്പെട്ട്, വിഷാദ രോഗിയായി ഫാറൂഖ് അഹമ്മദ് ധര്‍


2016 ജൂണില്‍ കര്‍ണാടകയിലെ ജുഡീഷ്യല്‍ ഓഫിസര്‍ എം.എസ് ശശികല ജസ്റ്റിസ് കൃഷ്ണഭട്ടിനെതിരെ ലൈംഗികാരോപണമുന്നയിച്ച് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. കൃഷ്ണഭട്ടിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ പരിഗണനയിലിരിക്കെയാണ് പരാതി.

ആരോപണത്തെക്കുറിച്ച് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് രഹസ്യമായി അന്വേഷണം നടത്തിയെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയതായും അദ്ദേഹം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് എഴുതിയ കത്തില്‍ അറിയിച്ചു.

എന്നാല്‍ മുതിര്‍ന്ന വനിതാ ജഡ്ജി പരാതി പരിശോധിച്ചോ എന്നും പരാതിക്കാരുടെ ഭാഗം കേട്ടോ എന്നും വ്യക്തമല്ലെന്നാണ് നിയമമന്ത്രിയുടെ കത്തില്‍ പറയുന്നത്. സുപ്രീംകോടതി വിശാഖ കേസില്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ശശികലയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ പാലിച്ചിട്ടുണ്ടോ? നീതിപൂര്‍വമായി വനിതാ ജഡ്ജി അന്വേഷണം നടത്തേണ്ടതുള്ളപ്പോള്‍ ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള ശുപാര്‍ശ നല്‍കാതിരിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശ്രമിക്കേണ്ടതല്ലേയെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.


Read Also: കൊച്ചി പഴയ കൊച്ചിയുമല്ല, സിനിമ പഴയ സിനിമയുമല്ല; കമലിന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി.ആര്‍


ജഡ്ജി നിയമനങ്ങളിലും ശുപാര്‍ശകളിലും ഉന്നതനിലവാരവും സുതാര്യതയും ജാഗ്രതയും ഉറപ്പാക്കേണ്ടത് ഉന്നത ജുഡീഷ്യറിയുടെയും സര്‍ക്കാറിന്റെയും ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയാതെ കര്‍ണാടക ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ കത്ത് അയച്ചതിന് കാരണം മന്ത്രി വ്യക്തമാക്കിയില്ല. ജുഡീഷ്യറിയില്‍ സര്‍ക്കാര്‍ കൈകടത്തുന്നു എന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചില്ല.

അതേസമയം, കൃഷ്ണഭട്ടിനെതിരെയുള്ള അന്വേഷണം നിലവിലില്ലെന്ന് കര്‍ണാടക ചീഫ് ജസ്റ്റിസ് കഴിഞ്ഞ 23ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അറിയിച്ചിരുന്നു. ശശികലയുടെ പരാതി വിശാഖ മാര്‍ഗരേഖപ്രകാരമുള്ള സമിതിക്കല്ല ലഭിച്ചതെന്നും ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുള്‍പ്പെട്ട ഭരണസമിതിയാണ് പരിശോധിച്ചതെന്നും ജുഡീഷ്യറി വൃത്തങ്ങള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more