സൗത്ത് കരോലിന: ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്ക് വധശിക്ഷയുറപ്പാക്കുന്ന നിയമനിര്‍മാണം നടത്താനൊരുങ്ങി അമേരിക്കയിലെ സൗത്ത് കരോലിന സംസ്ഥാനം. സൗത്ത് കരോലിന പ്രീനേറ്റല്‍ ഈക്വല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2023 എന്ന പേരില്‍ തയ്യാറാക്കപ്പെട്ട ബില്‍ നിയമമായാല്‍ ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ വധശിക്ഷക്ക് വിധേയരാകേണ്ടി വരും.
ബീജസംയോഗത്തിന്റെ സമയം മുതല്‍, ഗര്‍ഭസ്ഥ ശിശുവിന് ഒരു പൗരന് ലഭ്യമാകുന്ന എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് ബില്ല് വ്യക്തമാക്കുന്നു.
ഗര്‍ഭഛിദ്രം നടത്തുന്നത് നരഹത്യക്ക് തുല്യമായ കുറ്റമാണെന്നും നരഹത്യാ കുറ്റങ്ങള്‍ക്കെതിരായ നിയമപരിധിക്കുള്ളില്‍ ഈ വിഷയവും ഉള്‍പ്പെടുത്തണമെന്നുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സൗത്ത് കരോലിനയിലെ നിയമപ്രകാരം 30 വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായാണ് നരഹത്യയെ പരിഗണിക്കുന്നത്.
റിപ്പബ്ലിക്കന്‍ അംഗമായ റോബ് ഹാരിസാണ് ബില്‍ തയ്യാറാക്കിയത്.
‘ഗര്‍ഭഛിദ്രം ശരിയായ നടപടിയല്ല. നമ്മള്‍ എല്ലാ ജീവനും വേണ്ടത്ര ബഹുമാനം നല്‍കുന്നില്ല. എല്ലാ ജീവനും സംരക്ഷിക്കാനുതകുന്ന തരത്തിലുള്ള നിയമനിര്‍മാണമാണ് ലക്ഷ്യം വെക്കുന്നത്’ ഹാരിസ് പറഞ്ഞു.
മാതാവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയുള്ള സാഹചര്യങ്ങളില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന് ബില്ലില്‍ പറയുന്നു. എന്നാല്‍ ലൈംഗിക പീഡനത്തിനിരയായി ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയൊന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നില്ല.
1973ലെ റോ വേഴ്സസ് വേഡ് (Roe vs Wade) കേസിലെ വിധി പ്രകാരം അമേരിക്കയില്‍ ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗര്‍ഭഛിദ്രം വിലക്കി അമേരിക്കന്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.
ഇതിന്റെ തുടര്‍ച്ചയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണം നടത്തുന്ന സൗത്ത് കരോലിന സംസ്ഥാനത്തിന്റെ പുതിയ നിയമനിര്‍മാണ ശ്രമം. ഗര്‍ഭഛിദ്രത്തിനെതിരായ നിലപാടാണ് പൊതുവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.