| Monday, 19th August 2019, 11:19 am

രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥിനി; ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധമെന്ന് പെണ്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥി. ദല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സുര്‍ഭി കര്‍മ്മയാണ് ചീഫ് ജസ്റ്റിസില്‍ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്.

‘ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും ഞാന്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് കഴിഞ്ഞ കാലങ്ങളില്‍ ക്ലാസ് മുറികളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ എന്നില്‍ ഉയര്‍ത്തിയത്. അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം തലവനായ സ്ഥാപനം പരാജയപ്പെട്ടു.’ കര്‍വ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഭിഭാഷകരുടെ പങ്കെന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം തേടുകയാണ് ഞാന്‍. അതിനെക്കുറിച്ചു തന്നെയാണ് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ പ്രസംഗത്തിലും സംസാരിച്ചത്. ‘ അവര്‍ വിശദീകരിക്കുന്നു.

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ വനിതാ ജീവക്കാരി ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചപ്പോള്‍ രഞ്ജന്‍ ഗോഗോയ് അത് കൈകാര്യം ചെയ്ത രീതിയാണ് ഇത്തരമൊരു പ്രതിഷേധത്തിനു കാരണമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more