| Sunday, 30th August 2020, 6:31 pm

വര്‍ഷങ്ങളായി കോടതികളില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളാണ്; എസ്.എ ബോബ്‌ഡെയ്ക്ക് നിയമവിദ്യാര്‍ത്ഥികളുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ വിദ്യാര്‍ത്ഥികള്‍.

പ്രശാന്ത് ഭൂഷണെതിരെ പുറപ്പെടുവിപ്പിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 122 ഓളം നിയമ വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കും മറ്റ് ജഡ്ജ്മാര്‍ക്കും തുറന്ന കത്തെഴുതിയിരിക്കുന്നത്.

പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി വിമര്‍ശനത്തിന് മറുപടി നല്‍കേണ്ടതുണ്ടണ്ടെന്ന് കത്തില്‍ പറയുന്നു.  നീതിയോടുള്ള സ്‌നേഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നും കത്തില്‍ പറയുന്നു.

സുതാര്യതയ്ക്കുവേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മനുഷ്യാവകാശത്തിനുവേണ്ടിയും അഴിമതിക്കെതിരെയും കോടതികളില്‍ വര്‍ഷങ്ങളായി പ്രശാന്ത് ഭൂഷണ്‍ നടത്തുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും നിയമ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം, പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.

എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Prashant Bhushan contempt case: 122 law students appeal SC to reconsider judgment

We use cookies to give you the best possible experience. Learn more