ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ നിയമവിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
India
ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ നിയമവിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 12:57 pm

 

ലക്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഷഹ്ജാന്‍പൂരില്‍ നിയമവിദ്യാര്‍ഥിയെ കാണാനില്ല. സ്വാമി ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു ആരോപണം.

ചിന്മയാനന്ദ് ഡയറക്ടറായ എസ്.എസ് ലോ കോളജിലെ വിദ്യാര്‍ഥിയെയാണ് കാണാതായത്. ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പെണ്‍കുട്ടി വെള്ളിയാഴ്ച വീഡിയോ പോസ്റ്റു ചെയ്തിരുന്നു. അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായം തേടുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഞാന്‍ ഷഹ്ജാന്‍പൂരില്‍ നിന്നുള്ള (പേര് പരാമര്‍ശിക്കുന്നില്ല) ആളാണ്. ഞാന്‍ എസ്.എസ് കോളജില്‍ എല്‍.എല്‍.എം പഠിക്കുകയാണ്. പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ച അയാള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തിനെതിരെ എന്റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ട്. മോദിജിയും യോഗിജിയും എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ കുടുംബത്തെ കൊല്ലുമെന്നുവരെ അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്കു മാത്രമേ അറിയൂ. മോദിജി പ്ലീസ് ഹെല്‍പ്പ്. അയാളൊരു സന്യാസിയാണ്. പൊലീസും ഡി.എമ്മും മറ്റെല്ലാവരും തന്റെ ഭാഗത്തുണ്ടെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയാണ്. നീതിയ്ക്കുവേണ്ടിയാണ് എന്റെ അപേക്ഷ.’ എന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്.

ഫേസ്ബുക്ക് ലൈവില്‍ വീഡിയോ പോസ്റ്റു ചെയ്തതിനു പിന്നാലെ ശനിയാഴ്ച മുതലാണ് ഇവരെ കാണാതായത്. പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ചിന്മയാനന്ദിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ‘രക്ഷാ ബന്ധന്‍ സമയത്താണ് അവസാനമായി അവള്‍ വീട്ടിലേക്കു വന്നത്. ഇടയ്ക്കിടെ എന്താണ് ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതെന്ന് ഞാന്‍ അവളോട് ചോദിച്ചു. അവള്‍ പറഞ്ഞത് ‘ എന്റെ ഫോണ്‍ കുറേസമയം ഓഫാകുകയാണെങ്കില്‍ ഞാന്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടിട്ടുണ്ടെന്ന് മനസിലാക്കണം. എന്റെ കയ്യില്‍ അല്ലാതിരിക്കുന്ന സമയത്ത് മാത്രമാണ് എന്റെ ഫോണ്‍ ഓഫാകുന്നത്.’ എന്നാണ്. വലിയ പ്രശ്‌നത്തിലൂടെയാണ് എന്റെ മകള്‍ കടന്നുപോയിരുന്നത്. കൂടുതല്‍ ഞാന്‍ ചോദിച്ചിരുന്നില്ല. കോളജ് അഡ്മിനിസ്‌ട്രേഷന്‍ തന്നെ നൈനിറ്റാളിലേക്ക് അയക്കാന്‍ പോകുകയാണെന്ന് അവള്‍ എന്നോടു പറഞ്ഞിരുന്നു.’ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രക്ഷാ ബന്ധന്‍ വേളയില്‍ വീട്ടില്‍ വന്നപ്പോള്‍ അവള്‍ ആകെ പേടിച്ചതുപോലെ തോന്നിയിരുന്നെന്ന് പിതാവും പറയുന്നു. നാലുദിവസമായി അവളെ കാണാതായിട്ട്. സ്വാമി ചിന്മയാനന്ദിനെതിരെ ഞാന്‍ രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.