| Tuesday, 31st July 2018, 6:37 pm

പത്തു വര്‍ഷത്തേക്ക് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്ന് കമ്മീഷന്‍ പറഞ്ഞു; ദൈവീക നിയമങ്ങളില്‍ ഇടപെടരുതെന്ന് വ്യക്തിനിയമബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ പത്തു വര്‍ഷത്തേക്ക് സാധിക്കില്ലെന്ന് നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടതായി ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. അടുത്ത ഒരു ദശാബ്ദക്കാലത്തേക്ക് നിയമം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അറിയിച്ചതായാണ് ബോര്‍ഡിന്റെ പരാമര്‍ശം.

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തില്‍ ബോര്‍ഡംഗങ്ങള്‍ പാനല്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്ത് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാന്‍ അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

വ്യക്തിനിയമ സംരക്ഷണം ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ തന്നോടു പറഞ്ഞതായി ഉമരി പറയുന്നു. “സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ പോലും ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ നടപ്പില്‍ വരുത്താന്‍ സാധിക്കാത്തതാണെന്നിരിക്കേ, വ്യക്തിനിയമങ്ങളില്‍ അത്തരം ഏകീകരണം കൊണ്ടുവരണമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ചെയര്‍മാന്‍ ഞങ്ങളോടു പറഞ്ഞു.” ഉമരി മാധ്യമങ്ങളോടു പറഞ്ഞു.


Also Read: ലോയ കേസില്‍ ഇനി അന്വേഷണമില്ലെന്ന് സുപ്രീംകോടതി; റിവ്യു ഹരജി തള്ളി


സിവില്‍ കോഡ് വൈകുന്നതിനെക്കുറിച്ചുള്ള അഭിമുഖത്തില്‍ സംസാരിക്കവേ, അത് നടപ്പില്‍ വരുത്താനാവില്ലെന്നും അതൊരു സാധ്യത പോലുമല്ലെന്നും ജസ്റ്റിസ് ചൗഹാന്‍ പറഞ്ഞിരുന്നതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമ പാനലും വ്യക്തിനിയമ ബോര്‍ഡും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ മെയ് 21ന് ആയിരുന്നു. ആഗസ്തില്‍ ചൗഹാന്‍ സ്ഥാനമൊഴിയുന്നതിനു മുന്നെയായി കമ്മീഷന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയെക്കുറിച്ച് ഖുര്‍ആനില്‍ ഉള്ള പരാമര്‍ശങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചേക്കും എന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു.” ബോര്‍ഡംഗമായ കമാല്‍ ഫാറൂഖി പറയുന്നു.


Also Read: “നിക്കാഹ് ഹലാലായും മുത്തലാഖും ഒഴിവാക്കാന്‍ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യൂ”: മുസ്‌ലിം സ്ത്രീകളോട് സാധ്വി പ്രാചി


മുസ്‌ലിം വ്യക്തിനിയമത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരുതരത്തിലുള്ള ഇടപെടലുകളോടും സഹിഷ്ണുത കാണിക്കില്ലെന്ന് ബോര്‍ഡ് വീണ്ടും പ്രസ്താവിച്ചു. മുസ്‌ലിം നിയമങ്ങള്‍ പ്രകാരം ദത്തെടുക്കല്‍ നിയമവിധേയമല്ലെന്നും പാനലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ബോര്‍ഡംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദൈവീകമായ നിയമങ്ങളില്‍ കൈകടത്തുന്നത് സഹിക്കുകയില്ലെന്നും ജസ്റ്റിസ് ചൗഹാന് എഴുതിയ കത്തില്‍ ബോര്‍ഡ് സെക്രട്ടറി മൗലാനാ വാലി റഹ്മാനി സൂചിപ്പിച്ചു.

We use cookies to give you the best possible experience. Learn more