| Sunday, 31st August 2014, 10:00 pm

രാജ്യദ്രോഹകുറ്റം : പ്രതിയോഗികളെ നിശബ്ദമാക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2013 മാര്‍ച്ച് നാലിന് ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ എന്ന വകുപ്പിനെ കുറിച്ച് അഥവാ രാജ്യദ്രോഹ നിയമത്തെ കുറിച്ച് ജസ്റ്റിസ് സച്ചാര്‍ എഴുതിയ ലേഖനം ഞങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപം കൊടുത്ത ഈ നിയമപ്രകാരം സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഉള്‍പ്പെടെ നിരവധി വ്യക്തിത്വങ്ങള്‍ അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വിമര്‍ശനത്തിന് വിലങ്ങുവെയ്ക്കുന്ന, എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ജനാധിപത്യ വിരുദ്ധമായ ഈ വകുപ്പിനെതിരെ അന്നുതന്നെ ശക്തമായ വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി നിരവധി അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുന്നു. എങ്ങനെ വേണമെങ്കിലും ഏതുകാര്യത്തെയും, ഏതു വിമര്‍ശനത്തെയും ഈ വകുപ്പിനുള്ളില്‍ കൊണ്ടുവരാമെന്നതാണ് 124 എയുടെ പ്രത്യേകത. ഈ വകുപ്പ് ദുരുപയോഗം ചെയ്ത് വിമര്‍ശിക്കുന്നവരെ തുറങ്കലില്‍ അടയ്ച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് സച്ചാറിന്റെ ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നത് ഉചിതമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.



എസ്സേയിസ് /ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

മൊഴിമാറ്റം/ഷഫീഖ്. എച്ച്


ഐ.പി.സിയുടെ 124 എ വകുപ്പ്  അഥവ “രാജ്യദ്രോഹ കുറ്റ”മാണ് നമ്മുടെ പീനല്‍ നിയമസംവിധാനത്തിലെ ഏറ്റവും നാണക്കേടുണ്ടാക്കുന്ന ഭാഗം. ഇന്ത്യന്‍ നിയമത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ഗവണ്‍മെന്റുകളോട് ഏതെങ്കിലുമൊരാള്‍ക്ക് നീരസം തോന്നുകയാണെങ്കില്‍ അഥവാ നീരസം പ്രകടിപ്പിക്കാന്‍ അയ്യാള്‍ തയ്യാറാവുകയാണെങ്കില്‍ അയാളെ ജീവപര്യന്തം തടവിലടക്കാന്‍ ഈ വകുപ്പ് അനുശാസിക്കുന്നു.

വിശ്വാസമില്ലായ്മയും (disloyatly) വിദ്വേഷപരമായ വികാരങ്ങളുമൊക്കെ ഈ നീരസ പ്രകടനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ അവര്‍ ഉള്‍പ്പെടുത്തിയതാണ് ഈ വകുപ്പ്. ഖേദകരമെന്നു പറയട്ടെ നമ്മുടെ ശിക്ഷാ നിയമത്തില്‍ ആഴത്തില്‍ തന്നെ ഈ വകുപ്പ് ഇപ്പോഴും പ്രവര്‍ത്തനനിരതമായി തുടരുന്നു.

ബാലഗംഗാധര തിലകനും ആനി ബസന്റുമടക്കം നിരവധി സ്വാതന്ത്ര്യസമര പോരാളികള്‍ക്കെതിരെ ഈ സാമ്രാജ്യത്വ നിയമം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1922 ല്‍ മഹാത്മഗാന്ധിയും 124 എ പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.


Also Read: ‘ക്വിറ്റ് മോദി’ എന്ന മുദ്രാവാക്യമാണ് ഇനി ഇന്ത്യ വിളിക്കേണ്ടത്: ജസ്റ്റിസ് രവീന്ദര്‍ സച്ചാര്‍


വിചാരണവേളയില്‍ ജഡ്ജിന് മുമ്പാകെ മഹാത്മഗാന്ധി ഇങ്ങനെ പറഞ്ഞു, “ഐ.പി.സി പ്രകാരം പൗരന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനായി രൂപം നല്‍കപ്പെട്ടിട്ടുള്ള വകുപ്പുകളില്‍ യുവരാജാവാണ് (Prince) ഇപ്പോള്‍ എന്റെ മേല്‍ ചാര്‍ജ് ചെയ്തിട്ടുള്ള 124 എ വകുപ്പ്.
അടുപ്പം എന്നത് നിയമം മൂലം സൃഷ്ടിക്കപ്പെടാവുന്നതോ നിയന്ത്രിക്കപ്പെടാവുന്നതോ ആയ ഒന്നല്ല. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് യാതൊരു അടുപ്പവുമില്ലെങ്കില്‍, അയാള്‍ക്ക് ആ വ്യക്തിയോടുള്ള തന്റെ നീരസം, അത് അക്രമത്തിലേക്ക് പര്യാലോചിക്കുന്നതിലേക്കോ പ്രോത്സാഹിപ്പിക്കുന്നതിലേക്കോ അക്രമം ചെയ്യുന്നതിലേക്കോ വികസിക്കാത്തിടത്തോളം, അത് പ്രകടിപ്പിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം അയാള്‍ക്കുണ്ടായിരിക്കണം.”

1950 ന് ശേഷം പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പിന് നിയമ പ്രാബല്യമില്ല എന്ന് വിധിച്ചിരുന്നു. എന്നാല്‍ ഈ വിധികളെ 1962ലെ കേദാര്‍ നാഥ് കേസ്സ് അസാധുവാക്കി.

സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള മൗലികാവകാശത്തിന് ഒരു അപവാദം എന്ന നിലയില്‍ “രാജ്യദ്രോഹകുറ്റത്തെ” ഭരണഘടനയുടെ കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ നീണ്ട സംവാദങ്ങള്‍ക്ക് ഒടുവില്‍ അത് ഉപേക്ഷിച്ചിരുന്നു. കാരണം അന്ന് നടന്ന സംവാദത്തില്‍ ഇത്തരമൊരു പ്രൊവിഷന്‍ സ്വതന്ത്ര ഇന്ത്യയില്‍ തുടരുന്നത് അസംബന്ധമാണെന്ന് വിലയിരുത്തപ്പെട്ടു.

അനുഛേദം 19ല്‍ നിന്നും ഇത് നീക്കം ചെയ്യണമെന്ന് കെ.എം മുന്‍ഷി വാദിച്ചു. കാരണം, “ഒരു ഗവണ്‍മെന്റിനെ നീക്കം ചെയ്ത് മറ്റൊരു ഗവണ്‍മെന്റ് സ്ഥാപിക്കണമെന്ന് വാദിക്കുക എന്നത് പാര്‍ട്ടി സിസ്റ്റത്തില്‍ അനിവാര്യമാണ്. മറ്റൊരു ഗവണ്‍മെന്റ് സംവിധാനം വരണമെന്ന് വാദിക്കുന്നത് സ്വാഗതാര്‍ഹവുമാണ്. കാരണം അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.”

അന്നത്തെ മദ്രാസ് നിയമസഭയില്‍ അംഗമായിരുന്ന ടി.ടി കൃഷ്ണമാചാരി, 1802ല്‍ തന്നെ അമേരിക്കയില്‍ ഈ വകുപ്പ് പ്രവര്‍ത്തന രഹിതമായ കാര്യം ചൂണ്ടികാട്ടിക്കൊണ്ട് മുന്‍ഷിയുടെ വാക്കുകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

നെഹ്രുവിന്റെ അഭിപ്രായവും പൂര്‍ണമായും ഈ വകുപ്പിന് എതിരായിരുന്നു എന്നു കാണാം. 1951 ല്‍ അദ്ദേഹം തന്റെ വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി, “ഇന്ത്യന്‍ പീനല്‍ കോഡിന്റെ 124 എ വകുപ്പിനെ കുറിച്ചു പറയുകയാണെങ്കില്‍, എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം നിഷേധാത്മകവും നിന്ദ്യാര്‍ഹവുമാണ്. നടപ്പാക്കാന്‍ പോകുന്ന ഒരു നിയമബോഡിയിലും ഈ വകുപ്പിന് പ്രായോഗികമോ ചരിത്രപരമോ ആയ യാതൊരു പ്രാധാന്യവുമില്ല. എത്രയും വേഗം ഈ വകുപ്പ് ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്.”

നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ വാക്കുകളൊക്കെ കേവലം പേപ്പറുകളില്‍ കിടക്കുകയും ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നവരെ അടിച്ചൊതുക്കാനായി ഇന്നും 124 എ വകുപ്പ് പ്രയോഗിക്കപ്പെട്ടു പോരുന്നു.

1950 ന് ശേഷം പഞ്ചാബ് ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും 124 എ വകുപ്പിന് നിയമ പ്രാബല്യമില്ല എന്ന് വിധിച്ചിരുന്നു. എന്നാല്‍ ഈ വിധികളെ 1962ലെ കേദാര്‍ നാഥ് കേസ്സ് അസാധുവാക്കി.

“ഗവണ്‍മെന്റിന്റെ നടപടികളെ ശക്തിപ്പെടുത്താനും നിയമപരമായ മാര്‍ഗത്തിലൂടെ ഗവണ്‍മെന്റില്‍ മാറ്റം വരുത്താനും വേണ്ടി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് ഈ വകുപ്പില്‍ വരുന്നില്ല” എങ്കിലും ഗവണ്‍മെന്റിനോട് വിദ്വേഷം വരുന്ന വിധത്തിലല്ലാതെ വേണം സംസാരിക്കാന്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു കോടതി അന്ന് ഈ വകുപ്പിനെ സാധൂകരിച്ചത്.

ഭരണകൂടവും സര്‍ക്കാരും തമ്മിലുള്ള വ്യത്യാസത്തെ അംഗീകരിക്കാന്‍ സംപ്രീം കോടതി വിസമ്മതിച്ചുവെന്നത് നിര്‍ഭാഗ്യകരമായിപ്പോയി. ഇന്ത്യന്‍ ഭരണകൂടത്തോട് മാത്രമേ അവിശ്വാസം പാടുള്ളു. ജനവിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഗവണ്‍മെന്റിനെതിരെ അവിശ്വാസം സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രചരിപ്പിക്കേണ്ടത് ഊര്‍ജ്വസ്വലമായ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ അടിസ്ഥാനപരമായ ഒരു കാര്യമാണ്.

ഒരു ജനാധിപത്യ രാജ്യത്ത് ഗവണ്‍മെന്‍ിനോട് ആര്‍ക്കെങ്കിലും അതൃപ്തി തോന്നിയാല്‍ ആ ഗവണ്‍മെന്റിനെതിരെ എതിര്‍പ്പ് വളര്‍ത്തിയെടുക്കാനും അടുത്ത തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെ നീക്കം ചെയ്യാനും അയാള്‍ക്ക് അവകാശമുണ്ട്.

വാസ്തവത്തില്‍ ഗവണ്‍മെന്റിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടാനും അവയെ അംഗീകരിക്കാതിരിക്കുന്നതിനും ജനങ്ങളില്‍ അതിനോട് എതിര്‍പ്പും വിരോധവും വളര്‍ത്തിയെടുക്കാനും അതിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുമുള്ള അവകാശം ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. തീര്‍ച്ചയായും അയാള്‍ക്ക് അക്രമപ്രവര്‍ത്തനങ്ങളെ കൂട്ടുപിടിക്കാനുള്ള യാതൊരവകാശവുമില്ല.

ഗവണ്‍മെന്റിനോടുള്ള എതിര്‍പ്പും ഭരണകൂടത്തോടുള്ള എതിര്‍പ്പും രണ്ടും രണ്ടാണ്. എന്നാല്‍ കേദാര്‍ നാഥ് കേസില്‍ പോലീസിന് ആത്മവിശ്വാസത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ 124 എ വകുപ്പുമായി മുന്നോട്ട് പോകുന്നതിനും സാധാരണയെന്ന പോലെ കോടതിക്ക് ജാമ്യം നിഷേധിക്കുന്നതിനും കഴിഞ്ഞു. വിചാരണപോലും ആരംഭിക്കാതെ ആ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നാലു വര്‍ഷം ജയിലില്‍ കഴിയേണ്ടിയും വന്നു.

ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. സുപ്രധാനമായ സംഗതി, 124 എ വകുപ്പിന് നല്‍കിയ വിശദീകരണത്തില്‍ ഉണ്ടായിരുന്ന “എതിര്‍പ്പും” (disapprobation) (വിമര്‍ശനവും) “വിദ്വേഷവും” തമ്മിലുള്ള വ്യത്യാസം അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ടിന്റെ (യു.എ.പി.എ) വിശദീകരണത്തിലേയ്‌ക്കെത്തുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഇതോടെ ഈ  വകുപ്പ് ജനാധിപത്യാവകാശങ്ങള്‍ക്ക് കൂടുതല്‍ അപകടകരമായിത്തീര്‍ന്നിരിക്കുന്നു.

ഗവണ്‍മെന്റിനോടുള്ള എതിര്‍പ്പും ഭരണകൂടത്തോടുള്ള എതിര്‍പ്പും രണ്ടും രണ്ടാണ്. എന്നാല്‍ കേദാര്‍ നാഥ് കേസില്‍ പോലീസിന് ആത്മവിശ്വാസത്തോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ 124 എ വകുപ്പുമായി മുന്നോട്ട് പോകുന്നതിനും സാധാരണയെന്ന പോലെ കോടതിക്ക് ജാമ്യം നിഷേധിക്കുന്നതിനും കഴിഞ്ഞു. വിചാരണപോലും ആരംഭിക്കാതെ ആ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നാലു വര്‍ഷം ജയിലില്‍ കഴിയേണ്ടിയും വന്നു.

പി.യു.സി.എല്ലിന്റെയും (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ടീസ്) മറ്റ് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു കണ്‍വെന്‍ഷനില്‍ രാജ്യത്തുടനീളം വ്യാപകമായി രാജ്യദ്രോഹ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു കണക്ക് അവതരിപ്പിക്കുകയുണ്ടായി.

കര്‍ഷക സമരങ്ങള്‍ മുതല്‍ സംസ്ഥാന നയങ്ങള്‍ക്കെതിരായ പൗരന്‍മാരുടെ പ്രതിഷേധങ്ങള്‍ വരെയുള്ള എല്ലാ ജനാധിപത്യ സമരങ്ങളും ക്രിമിനല്‍വല്‍ക്കരിച്ചു ചിത്രീകരിക്കപ്പെടുകയും രാജ്യദ്രോഹ നിയമങ്ങളുടെ കീഴില്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

സ്വാഭാവികമായി ആയിരക്കണക്കിന് സാധാരണ പൗരന്‍മാര്‍ അടിസ്ഥാന സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നതിന് നിര്‍ബന്ധിതരായിത്തീരുന്നുവെന്ന് മാത്രമല്ല ജയിലില്‍ അടക്കപ്പെടുന്നതിലൂടെയും അതിനായി നിയമ പരിഹാരം സ്വീകരിക്കുന്നതിലൂടെയും വ്യക്തിപരവും വൈകാരികവും സാമ്പത്തികപരവുമായി വന്‍തോതിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിയും വരുന്നു.

ഐ.പി.സി.യുടെ 124 എ വകുപ്പ് യു.എ.പി.എയുടെ 2(Hm)  (iii) വകുപ്പ്  തുടങ്ങിയ രാജ്യദ്രോഹ നിയമങ്ങള്‍ ദ്രുതഗതിയില്‍ റദ്ദു ചെയ്യുന്നതിനായി പാര്‍ലമെന്റിനോട് ആവശ്യപ്പെടാന്‍ ഒരു ദശലക്ഷം ഒപ്പുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്താകെ വ്യാപിപ്പിക്കുന്ന വിധത്തിലുള്ള ഒരു ഒപ്പുശേഖരണ ക്യാമ്പയിന്‍ നടത്തുന്നതില്‍ സ്വാഭാവികമായി ഇത് എത്തിച്ചേര്‍ന്നു.

ഇംഗ്ലീഷ് സാമ്രാജ്യത്വ അധിനിവേശത്തിന്റെ പൈതൃകത്തോട് കടപ്പെടുന്ന ഈ രാജ്യദ്രോഹ നിയമം നമ്മുടെ നിയമ പുസ്തകങ്ങളില്‍ തുടരുമ്പോള്‍, രാജ്യദ്രോഹമെന്നത് അവ്യക്തവും അനിശ്ചിതത്വവും നിറഞ്ഞ പദങ്ങളായി നിര്‍വ്വചിക്കാവുന്നതാണ് എന്ന കാരണം പറഞ്ഞ് രാജ്യദ്രോഹ കുറ്റങ്ങളെ ഇംഗ്ലണ്ട് തന്നെ റദ്ദാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.

ഈ നിയമം ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ആക്രമിക്കുന്നത്. ഏതൊരു വിധത്തിലായാലും ഇന്ന് നിലനില്‍ക്കാത്ത (പരമാധികാരം രാജാവില്‍ നിക്ഷിപ്തമായിരുന്ന) ഒരു നിശ്ചിത ചരിത്ര സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ് ഇവ പരാമര്‍ശിക്കപ്പെടേണ്ടത്.

ചില രാഷ്ട്രീയ വിക്ഷണങ്ങള്‍ ഒരുപക്ഷെ യുക്തിരഹിതവും അപ്രസിദ്ധവുമാണെങ്കില്‍ കൂടിയും അവയെ കുറ്റകരമായി ചിത്രീകരിക്കാന്‍ പാടില്ല. കാരണം അങ്ങനെ ചയ്യുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ തന്നെയാണ് ആക്രമിക്കുന്നത്.

ലോകമാകമാനം അംഗീകരിച്ചിട്ടുള്ള സംസാരിക്കാനും ആശയപ്രകാശനത്തിനുമുള്ള മൗലികാവകാശത്തെയാണ് രാജ്യദ്രോഹമെന്നതിന്റെ നിര്‍വചനം കടന്നാക്രമിക്കുന്നത്. ഗവണ്‍മെന്റിന്റെ രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശനത്തെയും നിശബ്ദമാക്കുന്നതിനു വേണ്ടിയാണ് ഈ നിയമം പ്രായോഗികമായി ഉപയോഗിച്ച് വരുന്നത്. ഇത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കും.

ഈ രാജ്യദ്രോഹ നിയമം ഇനിയും തുടര്‍ന്നുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടി നിലനില്‍ക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ ജനതയ്ക്കു മുമ്പില്‍ ഇന്ത്യ ഇനിയും പരസ്യമായ അപമാനവും അമ്പരപ്പും സഹിക്കേണ്ടതുണ്ടോ?

ദല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ആണ് ലേഖകന്‍

കടപ്പാട്: ദി അറസ്റ്റഡ്‌


We use cookies to give you the best possible experience. Learn more