ന്യൂദല്‍ഹി: മതപരിവര്‍ത്തന നിരോധന നിരോധന നിയമം പാസാക്കുന്നത് സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനാല്‍ ഇത്തരമൊരു നിയമം പാസാക്കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ നിയമം പാസാക്കണമെന്ന ആര്‍.എസ്.എസിന്റെ മോഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്.
കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ചുള്ള നിയമ സാധുത നേരത്തെ ആരാഞ്ഞിരുന്നു. ഇത് കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാവും ക്യാബിനറ്റ് അംഗവുമായ വെങ്കയ്യ നായിഡു വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ ഘടക കക്ഷികള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വ്യത്യസ്താഭിപ്രായമാണ് ഉണ്ടായിരുന്നത്.
നേരത്തെ സംഘ പരിവാര്‍ സംഘടനകളായിരുന്നു രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മത പരിവര്‍ത്തനം നടത്തിക്കൊണ്ട് വിഷയം ഉയര്‍ത്തി കൊണ്ട് വന്നിരുന്നത്. മതപരിവര്‍ത്തന നിരോധന നിയമം പാസാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു ഇത്. ബി.ജെ.പി നേതാക്കളും ചില മന്ത്രിമാരും ഈ നീക്കത്തെ പിന്തുണക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നിയമം പാസാക്കുന്നത് പൂര്‍ണമായും സംസ്ഥാന പരിധിയില്‍ പെട്ടതാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിലപാട് സ്വീകരിക്കാനാകില്ലെന്നുമാണ് നിയമ മന്ത്രാലയം അറിയിച്ചിരുന്നത്.