| Friday, 25th August 2017, 9:49 am

'കോടതിയില്‍ പല നേരമ്പോക്കും പറയും' സ്വകാര്യതാ വിഷയത്തില്‍ സുപ്രീം കോടതിയിലെ തിരിച്ചടി മറയ്ക്കാന്‍ കേന്ദ്രമന്ത്രിയുടെ ന്യായവാദം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന കോടതി വിധി കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയല്ലെന്നു വരുത്താന്‍ ഇതുസര്‍ക്കാര്‍ നേരത്തെയെടുത്ത നിലപാടാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വെട്ടിലായി. സര്‍ക്കാറിന്റെ മുന്‍നിലപാടുകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തുവന്നതോടെയാണ് രവി ശങ്കര്‍ പ്രസാദ് കുടുങ്ങിയത്.

“പൗരന്മാര്‍ക്ക് അവരുടെ ശരീരത്തില്‍ സമ്പൂര്‍ണ പരമാധികാരമില്ല” എന്നായിരുന്നു 2017 മെയില്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ സ്വീകരിച്ച നിലപാടെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തുവരികയായിരുന്നു.


Also Read: വിപിന്‍ വധക്കേസ്: മൂന്ന് പേര്‍ കസ്റ്റഡിയില്‍


ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയും ചെയ്തു. ഇതൊക്കെ കോടതിയില്‍ പറയുന്ന നേരമ്പോക്കല്ലേ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അതിനെ പ്രതിരോധിച്ചത്.

” കേസുകള്‍ വാദിക്കുമ്പോള്‍ പല നേരമ്പോക്കുകളും പറയും. പല പരാമര്‍ശങ്ങളും നടത്തും. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം അതിലെ പ്രധാനപ്പെട്ടവ സ്വീകരിച്ചാണ് ഒരു നിഗമനത്തില്‍ എത്തുന്നത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായവാദം.

സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ വിഷയത്തില്‍ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു ഈ വാദത്തെ അനുകൂലിച്ചിരുന്നു എന്ന ന്യായവാദവുമായി കേന്ദ്രമന്ത്രി രംഗത്തുവന്നത്.

“സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൗലികാവകാശമായി കാണുന്നു എന്ന് 2016 മാര്‍ച്ച് 16ന് സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയതാണ്.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി രംഗത്തുവന്നതോടെയാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞതൊക്കെ നേരമ്പോക്കായിരുന്നെന്ന് അദ്ദേഹം പഞ്ഞത്.

“എതു സര്‍ക്കാര്‍? ബുര്‍ഖിന ഫാസോയുടെ സര്‍ക്കാറോ?” എന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ പരിഹാസം.

“പാവം ഇന്ത്യന്‍ സുപ്രീം കോടതി! എല്ലാവര്‍ക്കും ഒരേ അഭിപ്രായമുള്ള കാര്യത്തില്‍ വെറുതെ 9 അംഗ ബെഞ്ചിനെ വെച്ചു. പ്രസാദേ നിങ്ങള്‍ സംഭവമാണ് കെട്ടോ. സര്‍ക്കാര്‍ അതിലും വലിയ സംഭവമാണ്.” എന്നായിരുന്നു മറ്റൊരു പരിഹാസം.

We use cookies to give you the best possible experience. Learn more