വാഷിങ്ടണ്‍: ശനിയാഴ്ച ട്രംപിന് നേരെ വെടിയുതിര്‍ക്കുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമിയെ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ എന്‍.ബി.സി അഫിലിയേറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പെന്‍സില്‍വാനിയയില്‍ വെടിവെപ്പ് ഉണ്ടായ ദിവസം വൈകിട്ട് 5:45 ഓടെ റാലി നടക്കുന്നതിന് സമീപമുള്ള കെട്ടിടത്തിന് മുകളില്‍ അക്രമി നില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടാണ് എന്‍.ബി.സി അഫിലിയേറ്റും അമേരിക്കയിലെ മറ്റൊരു പ്രാദേശിക ചാനലായ ഡബ്യൂ.പി.എക്‌സ്.ഐയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 5:45ന് തന്നെ അക്രമിയെ പൊലീസ് സ്പോട്ട് ചെയ്‌തെന്നും ശേഷം ആറ് മണിയോടെയാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
റാലി നടക്കുന്ന സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ട വിവരം പൊലീസ് ട്രംപിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് എന്‍.ബി.സി വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
അക്രമിയെ സ്പോട്ട് ചെയ്തതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കണ്ടെന്നും അയാളെ പിന്തുടരുകയാണെന്ന് ലോക്കല്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചെന്നും എന്‍.ബി.സിയോട് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അക്രമി ഉണ്ടായിരുന്ന കെട്ടിടം ട്രംപിന്റെ രഹസ്യ അന്വേഷണ ഏജന്‍സിയുടെ പരിധിക്ക് പുറത്താണെന്നും ഇത് പ്രാദേശിക നിയമപാലകരുടെ പരിധിയില്‍ വരുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തോക്കുധാരിയെ തടയാന്‍ ഏജന്‍സിക്ക് സാധാരണ വേഷത്തിലുള്ള കൗണ്ടര്‍ സര്‍വൈലന്‍സ് ഏജന്റുമാരെ വിന്യസിക്കാമായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ എന്‍.ബി.സിയോട് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ വിഷയം സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ ചർച്ച ആയിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ സ്പോട്ട് ചെയ്തെന്നും അക്രമി വെടി ഉതിർത്തതിന് ശേഷം ഉദ്യോഗസ്ഥർ തങ്ങളുടെ ഊഴത്തിന് വേണ്ടി കാത്തിരുന്നെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉണ്ടായത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്പോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച നടന്നത്.
ട്രംപിന് നേരെയുണ്ടായ ആക്രമണം എഫ്.ബി.ഐയാണ് അന്വേഷിക്കുന്നത്. ശനിയാഴ്ചയാണ് പെൻസിൽവാനിയയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ വെച്ച് ട്രംപിന് വെടിയേറ്റത്. വലത് ചെവിയിൽ വെടിയേറ്റതിന് പിന്നാലെ ട്രംപിനെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.
അക്രമിയടക്കം രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ വെടിവെച്ച് കൊന്നത്.
Content Highlight: Law enforcement spotted Trump shooter nearly 30 minutes before shots fired, NBC affiliate reports