ഭീകരവാദമൊഴികെ എല്ലാ കുറ്റങ്ങള്‍ക്കും വധശിക്ഷ ഒഴിവാക്കണം: നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
Daily News
ഭീകരവാദമൊഴികെ എല്ലാ കുറ്റങ്ങള്‍ക്കും വധശിക്ഷ ഒഴിവാക്കണം: നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2015, 7:25 pm

AP-Shahന്യൂദല്‍ഹി: ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ക്കൊഴികെ മറ്റെല്ലാ കുറ്റങ്ങള്‍ക്കും വധശിക്ഷ ഒഴിവാക്കണമെന്ന  നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജീവപര്യന്തത്തേക്കാള്‍ കൂടുതല്‍ ഒന്നും വധശിക്ഷയില്‍ നിന്നും ലഭിക്കില്ലെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു.

ദേശീയ സുരക്ഷയെ ബാധിച്ചേക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് തീവ്രവാദ സംബന്ധിയായ കുറ്റങ്ങളെ റിപ്പോര്‍ട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. നേരത്തെ നിയമ കമ്മീഷന്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നു. നിയമ കമ്മീഷനിലെ ഏഴ് മുഴുവന്‍ സമയ അംഗങ്ങളുടെയും നാല് പാര്‍ട്ട് ടൈം അംഗങ്ങളുടെയും അംഗീകാരത്തോടെയാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിയമങ്ങളില്‍ ജീവപര്യന്തം തന്നെ പര്യാപ്തമാണെന്നും വധശിക്ഷ അങ്ങേയറ്റം തെറ്റു പറ്റാവുന്നതും തിരിച്ചെടുക്കാനാകാത്തവിധം അന്തിമമാണെന്നും നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടില്‍ വധശിക്ഷ, കേസന്വേഷണത്തില്‍ വന്ന  പിഴവുകളില്‍നിന്നും കുറ്റകൃത്യങ്ങളെ തടയുന്നതില്‍ നിന്നും കുറ്റകൃത്യങ്ങളുടെ ഇരകളുടെ അവകാശങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നതാണെന്നും പറയുന്നുണ്ട്.

അതേസമയം വധശിക്ഷയെന്നത് ഭീകരവാദം പോലെയുള്ള വിഷയങ്ങളില്‍ പ്രയോഗിക്കാവുന്ന ഫലപ്രദമായ മാര്‍ഗ്ഗമല്ലെന്നും തീവ്രവാദം ഒഴികെയുള്ള കുറ്റങ്ങളില്‍ വധശിക്ഷഒഴിവാക്കുന്നത് ആദ്യഘട്ടം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കാലങ്ങളായി ഏറെ സംവാദങ്ങള്‍ക്ക് വഴിവെക്കുന വിഷയമാണ് വധശിക്ഷ. വധശിക്ഷ നടപ്പിലാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.പി ഷാ ചെയര്‍മാനായി കമ്മീഷനെ സുപ്രീംകോടതി കഴിഞ്ഞവര്‍ഷമാണ് നിയോഗിച്ചത്. ആഗസ്ത് 31 വരെയാണ് കമ്മീഷന്റെ കാലാവധി.