അധ്യാപകരുടെ അനീതി; മാനേജ്‌മെന്റിനെതിരെ ആത്മഹത്യാ ഭീഷണിയുമായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
Kerala News
അധ്യാപകരുടെ അനീതി; മാനേജ്‌മെന്റിനെതിരെ ആത്മഹത്യാ ഭീഷണിയുമായി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 5:32 pm

ഇടുക്കി: മാനേജ്‌മെന്റിനെതിരെ ആത്മഹത്യാ ഭീഷണിയുമായി തൊടുപുഴ കോഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അധ്യാപകരുടെ അനീതിപരമായ പെരുമാറ്റത്തെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി കോളേജ് മാനേജ്‌മെന്റിനെതിരെ സമരം നടത്തുന്നത്.

നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് മാനേജ്മെന്റിനെതിരെ പ്രതിഷേധം നടത്തുന്നത്. ഇവരുടെ ഒന്നാം സെമസ്റ്ററിലെ മാര്‍ക്കുകള്‍ ഒരു കുട്ടിക്ക് വേണ്ടി തിരിമറി നടത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളേജ് അധികൃതരുമായും പൊലീസ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.യു, എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും കോളേജ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുനയ ശ്രമങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാര്‍ക്ക് നല്‍കിയതില്‍ അപാകത ചൂണ്ടിക്കാട്ടിയതും പരാതി നല്‍കിയതുമായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കരിക്കാന്‍ തീരുമാനിച്ചതിനും കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തതിനെതിരെയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

മാനേജ്മെന്റിന്റെ നിലവിലെ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി മാനേജ്‌മെന്റ് നീക്കത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുപ്പതിലധികം വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തിന് മുകളില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കുന്നത്.

തങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നുണ്ടെങ്കില്‍ മാത്രം കെട്ടിടത്തിന് താഴേക്കിറങ്ങുള്ളുവെന്നും ഉടനെ ഈ വിഷയത്തില്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

Content Highlight: Law college students threaten suicide against management