“ഇത് മാനേജ്‌മെന്റിന്റെ അടുക്കളയിലുണ്ടാക്കിയ കരാറല്ല. സര്‍ക്കാറുമായുണ്ടാക്കിയ കരാറാണിത്.
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായതിനു പിന്നാലെ എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണ അംഗീകരിച്ച് എസ്.എഫ്.ഐ പ്രതിനിധികള്‍ കൂടി കരാറില്‍ ഒപ്പിട്ടതിനെയാണ് വിദ്യാര്‍ഥി ഐക്യം പരിഹസിച്ചത്.
“ഇവിടെ സെമി ഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു.” എന്നായിരുന്നു നേതാവിന്റെ പ്രതികരണം. “ഇത് മാനേജ്‌മെന്റിന്റെ അടുക്കളയിലുണ്ടാക്കിയ കരാറല്ല. സര്‍ക്കാറുമായുണ്ടാക്കിയ കരാറാണിത്. വിദ്യാഭ്യാസ മന്ത്രിയാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്” അദ്ദേഹം പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ ധാരണകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ കെ.എസ്.യു, എ.ഐ.വൈ.എഫ്, എ.ബി.വി.പി, എം.എസ്.എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് വിദ്യാര്‍ത്ഥി ഐക്യം എന്ന പേരില്‍ സമരം തുടര്‍ന്നിരുന്നു. പ്രിന്‍സിപ്പല്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പറഞ്ഞായിരുന്നു എസ്.എഫ്.ഐ സമരം അവസാനിപ്പിച്ച സാഹചര്യത്തിലും ഇവര്‍ മുന്നോട്ടുപോയത്.
ഇതേത്തുടര്‍ന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയുടെ ഭാഗമായുണ്ടാക്കിയ കരാറില്‍ എസ്.എഫ്.ഐയും ഒപ്പുവെച്ചിരുന്നു. ഇതിനെ കളിയാക്കിയാണ് വിദ്യാര്‍ഥി ഐക്യം രംഗത്തുവന്നത്.
29ദിവസത്തെ സമരമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറ്റി. സര്‍വ്വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. മാനേജ്‌മെന്റ് തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.