ന്യൂദല്‍ഹി: ജഹാംഗീറില്‍ നടക്കുന്ന കെട്ടിടം പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവുമായി സംഭവ സ്ഥലത്തെത്തി സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. കോടതി വിധി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബൃന്ദ ബുള്‍ഡോസറുകളെ തടഞ്ഞു.
പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്, ആ ഉത്തരവ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് ബൃന്ദ കാരാട്ട്പറഞ്ഞു.
നിയമവിരുദ്ധമായ പൊളിച്ചുനീക്കലിലൂടെ നിയമവും ഭരണഘടനയും നിരപ്പാക്കിയിരിക്കുകയാണെന്നും സുപ്രീം കോടതിയും അതിന്റെ ഉത്തരവും നിരപ്പാക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്നും ബൃന്ദ പറഞ്ഞു.
അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയത്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.
ബൃന്ദ കാരാട്ട് സംഭവസ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.