തിരുവനന്തപുരം: അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഭാഗമായുള്ള ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാന്‍ നിയമപരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് കരട് നിയമത്തിന് കമ്മീഷന്‍ രൂപം നല്‍കി. അന്ധവിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കാനാണ് നിര്‍ദ്ദേശം.
നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50000 രൂപ പിഴയും ശിക്ഷ നല്‍കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. അമാനുഷികശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത വിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ പറഞ്ഞു. ശരീരത്തിന് ആപത്തുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ നിയമത്തില്‍ നിന്നൊഴിവാക്കി.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് കമ്മീഷന്‍ കരട് നിയമം തയ്യാറാക്കിയത്. ദുര്‍മന്ത്രവാദം, ചികിത്സാനിഷേധം, എന്നിവയില്‍ സംസ്ഥാനത്ത് പലരും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം കുറ്റകരമാകുന്നവ:
ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയ അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസം സൃഷ്ടിക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം
ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും പേടിപ്പിക്കലും
പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദ്ദിക്കല്‍, കെട്ടിയിടല്‍, മുടി പറിക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ
അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സ തേടുന്നത്, മരണം, ശാരീരിക വേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍, അമാനുഷിക ശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തല്‍
സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക,
ആര്‍ത്തവ-പ്രസവാനന്തരം മാറ്റിപാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍
മൃഗത്തേയോ പക്ഷിയേയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍
കവിളില്‍ കമ്പിയോ അമ്പോ തറയ്ക്കുക
കുട്ടിച്ചാത്തന്റെ പേരില്‍ വീടിന് കല്ലെറിയുക, ഭക്ഷണോ വെള്ളമോ മലിനപ്പെടുത്തുക
ചികിത്സ തേടുന്നതില്‍ നിന്ന് തടയുകയും പകരം മന്ത്ര-തന്ത്രങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക
നിയമം ബാധകമല്ലാത്തവ :
മത, ആത്മീയസ്ഥലങ്ങളില്‍ നടക്കുന്ന ആരാധനാരീതികള്‍
പുരാതനസന്യാസിമാരുടേയും പുണ്യാളന്‍മാരുടേയും പാരമ്പര്യ അറിവുകള്‍, കല, ആചാരങ്ങള്‍ തുടങ്ങിയവ പ്രചരിപ്പിക്കല്‍
മരിച്ചുപോയ സന്യാസിമാരുടേയും വിശുദ്ധന്മാരുടേയും അത്ഭുതങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവയുടെ പ്രചരണവും. മതപ്രഭാഷകരുടെ അത്ഭുതങ്ങള്‍ സംബന്ധിച്ചുള്ള പ്രചരണം
വീട്, ക്ഷേത്രം, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ മറ്റ് മതപരമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ശരീരത്തിന് ആപത്ത് ഉണ്ടാക്കാത്ത മതാചാരങ്ങള്‍
ഉത്സവങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഘോഷയാത്രകള്‍ തുടങ്ങിയ മതാചാരങ്ങള്‍
വഞ്ചനയോ ചൂഷണമോ ഇല്ലാത്ത വിധത്തിലുള്ള വാസ്തു ശാസ്ത്ര, ജ്യോതിഷ ഉപദേശങ്ങള്‍
സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും വിധത്തിലുള്ള മതപരമായ ചടങ്ങുകള്‍