തിരുവനന്തപുരം: ലോ അക്കാദമി കോളേജിന്റെ പ്രധാന കവാടം മാനേജ്‌മെന്റ് പൊളിച്ചുനീക്കി. അനധികൃതമായി നിര്‍മിച്ച കവാടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അക്കാദമി അധികൃതര്‍ക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണിത്.
പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. 24 മണിക്കൂറിനകം ഗേറ്റ് പൊളിച്ചുനീക്കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടത്.
ജലവകുപ്പ് അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കാനാണ് റവന്യൂ വകുപ്പ് സെക്രട്ടറി നോട്ടീസ് നല്‍കിയത്.
Must Read:നാവടക്കൂ, നിങ്ങളുടെ ജാതകം മുഴുവന്‍ എന്റെ കയ്യിലുണ്ട്: കോണ്‍ഗ്രസിന് മോദിയുടെ ഭീഷണി
അനധികൃത കയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് പ്രതികരിച്ചു. ലോ അക്കാദമിയില്‍ നടത്തിയ സമരത്തിന്റെ വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസ്ഥ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്കുമുള്ള കെട്ടിടം ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു.
ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം.