തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചക്കിടെ വിദ്യാര്‍ത്ഥികളും മന്ത്രിയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് മന്ത്രി സി. രവീന്ദ്രനാഥ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി.
മാനേജ്‌മെന്റിനെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സമരത്തില്‍ നിന്നും പിന്മാറില്ലെന്നും കെ.എസ്.യു വ്യക്തമാക്കി. ഈ വര്‍ഷം മുഴുവന്‍ കോളേജ് അടച്ചിടേണ്ടി വന്നാലും ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയില്ലെന്നാണ് കെ.എസ്.യു നിലപാട്.
വിദ്യര്‍ത്ഥികളോട് പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ രാജി എന്ന ഒറ്റ കാര്യമാണ് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താമെന്ന് ഉറപ്പ് നല്‍കിയെന്നും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന്് താന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പുതിയ പ്രിന്‍സിപ്പല്‍ എന്ന് പറഞ്ഞാല്‍ പഴയ വ്യക്തിയെ മാറ്റി എന്നത് തന്നെയാണല്ലോ അര്‍ത്ഥമെന്നും ഈ ആവശ്യം ചര്‍ച്ചയില്‍ എല്ലാവരും അംഗീകരിക്കുകയുമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. മുന്ന് തവണ സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു സമരം പിന്‍വലിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ താല്‍ക്കലിക പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന് മാനേജ്‌മെന്റ് പറഞ്ഞപ്പോള്‍ യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പല്‍ തന്നെ വേണമെന്ന ആവശ്യമാണ് മന്ത്രി മുന്നോട്ട് വച്ചത് യോഗ്യതയുള്ള പ്രിന്‍സിപ്പല്‍ എന്നാല്‍ ലക്ഷ്മി നായരെ നീക്കിയതിനു തുല്ല്യമാണല്ലോ എന്ന് ചര്‍ച്ചയ്ക്ക് ശേഷം എസ്.എഫ്.ഐയും പ്രതികരിച്ചു. തിങ്കളാഴ്ച മുതല്‍ കോളേജില്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നാണ് തങ്ങള്‍ അറിഞ്ഞിട്ടുള്ളതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ പറഞ്ഞു.
ക്ലാസ്സുകള്‍ തിങ്കളാഴ്ച തുടങ്ങുമെന്നും ആവശ്യം വന്നാല്‍ പൊലീസ് സഹായം തേടുമെന്നും കോളേജ് മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.